പുനസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയയ്ക്ക് നേതാക്കളുടെ കത്ത്; 'പരിചയ സമ്പന്നരെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നല്‍കും'
നേതാക്കള്‍ അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
18 Sep 2021 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരെ സോണിയാ ഗാന്ധിക്ക് നേതാക്കളുടെ കത്ത്. പരിചയസമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യം. ഒരു വിഭാഗം കെപിസിസി വൈസ് പ്രസിഡന്റ്മാരും ജനറല്‍ സെക്രട്ടറിമാരുമാണ് കത്ത് അയച്ചത്. കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികള്‍ അയച്ച കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.
പരിചയ സമ്പന്നരായ നേതാക്കളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് കോണ്‍ഗ്രസിന് വേണ്ടത്. വിഷയത്തില്‍ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. ഒരേ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജനറല്‍ സെക്രട്ടറിമാരേയും ഉപാദ്ധ്യക്ഷന്മാരെയും ഒഴിവാക്കുമെന്നാണ് പുനഃസംഘടന മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നത്.
ഒരാള്‍ക്ക് ഒരു പദവി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പദവി ഒഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടെ 15 ലേറെ ഭാരവാഹികള്‍ക്കാണ് പദവി നഷ്ടമാകുക. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനിച്ച മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിക്കുന്നത്. ഒരു വിഭാഗം നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡം നിശ്ചയിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 25 നകം പുനസംഘടന പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പുനസംഘടന പൂര്‍ത്തിയാകുന്നതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുമെന്നാണ് സൂചന.