Top

'വിക്കറ്റുകള്‍ വീഴുന്നത് തുടരുന്നു'; കെപിസിസി മുന്‍ സെക്രട്ടറിയും സിപിഐഎമ്മില്‍

ബഹുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല

1 Oct 2021 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിക്കറ്റുകള്‍ വീഴുന്നത് തുടരുന്നു; കെപിസിസി മുന്‍ സെക്രട്ടറിയും സിപിഐഎമ്മില്‍
X

കെപിസിസി മുന്‍ സെക്രട്ടറിയും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ സോളമന്‍ അലക്‌സും സിപിഐഎമ്മിനൊപ്പം. ഇന്ന് എകെജി സെന്ററിലെത്തിയ സോളമനെ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സ്വീകരിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് സിപിഐഎമ്മിനൊപ്പം നില്‍ക്കാനുള്ള ആഗ്രഹം സോളമന്‍ അലക്‌സ് പ്രകടിപ്പിച്ചതെന്നും ഇനിയും ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം വരാന്‍ പോവുകയാണെന്ന് സിപിഐഎം അറിയിച്ചു.

'ജനാധിപത്യത്തിനുവേണ്ടി സംസാരിക്കുന്നവരെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തുകയാണെന്ന് വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ''ബിജെപിക്കെതിരായ ബഹുജനമുന്നേറ്റം ഉയര്‍ത്തേണ്ട സമയമാണിത്. എന്നാല്‍ ബഹുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല. ഒരുപദവിയിലുമില്ലാത്ത രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനത്തുള്ളവരെ മാറ്റുകയും ഇടപെടുകയും ചെയ്യുന്നത്.''

സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അടങ്ങുന്ന നെഹ്‌റു കുടുംബത്തിന് നിലവിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യം മനസിലാകാത്തതിന്റെ ദുരന്തമാണ് കോണ്‍ഗ്രസ് നേരിടുന്നത്. ദേശീയതലത്തിലേക്കാള്‍ വേഗതയിലായിരിക്കും കോണ്‍ഗ്രസിന് കേരളത്തിലുണ്ടാകുന്ന തകര്‍ച്ചയെന്നും വിജയരാഘവന്‍ പറഞ്ഞു.

''വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം നേരിടാന്‍ സാധ്യതയുള്ളയിടങ്ങളില്‍ കോണ്‍ഗ്രസ് സ്വയം തോറ്റുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിസഹായതയാണ് തന്റെ അവസ്ഥയെന്നാണ് മുതിര്‍ന്ന നേതാവ് പി ചിദംബരം പറയുന്നത്. വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ അക്രമിക്കും എന്ന അനുഭവമാണ് കപില്‍ സിബലിനുണ്ടായത്. ആ അവസ്ഥ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും സംഭവിക്കുന്നത്.''

അഭിപ്രായം പറയണമെങ്കില്‍ സ്വന്തം സ്ഥാനം രാജിവെക്കണം എന്ന അവസ്ഥയിലേക്ക് വി എം സുധീരനെപോലുള്ള നേതാക്കള്‍ക്ക് വരെ എത്തുകയുണ്ടായി. വലിയ പദവികളില്ലാത്തതിനാല്‍ രമേശ് ചെന്നിത്തല ചില്ലറ പദവികള്‍ രാജിവെച്ചു. ആത്മാഭിമാനം ഉള്ളവര്‍ കോണ്‍ഗ്രസ് വിടുകയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.


Next Story