Top

'സ്‌ക്കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍കുട്ടി'; പരിഹാസവുമായി പത്മജാ വേണുഗോപാല്‍

9 Oct 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌ക്കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍കുട്ടി; പരിഹാസവുമായി പത്മജാ വേണുഗോപാല്‍
X

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പത്രസമ്മേളനത്തില്‍ പറ്റിയ അബദ്ധത്തെ ട്രോളി കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍. സ്‌ക്കൂള്‍ തുറന്നാല്‍ ആദ്യം ചേര്‍ക്കേണ്ട കുട്ടി ശിവന്‍ കുട്ടി ആണെന്ന് പത്മജാ വേണുഗോപാലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നതുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളല്ലേ എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിന്റെ വീഡിയോയും പത്മജ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. 'ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു... അല്ല... 23 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു...' എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

നേരത്തെ, മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നാക്കുപിഴയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു്. മന്ത്രിയുടെ നാക്കുപിഴയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് പരിഹസിച്ചത്. 'ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്പെടും' പി.കെ. അബ്ദുറബ്ബ് എന്നായിരുന്നു കുറിപ്പ്. കൂടാതെ രാജ്യത്തെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പേരുകളും ഇന്ത്യയുടെ ഭൂപടവും പോസ്റ്റില്‍ ചേര്‍ത്തു.

അതേസമയം, ' തന്റെ പരാമര്‍ശം നാക്കുപിഴയാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി വിശദീകരിച്ചു. നാക്കുപിഴവ് ലോകത്തെ എല്ലാ മനുഷ്യനും സംഭവിക്കും. അതിനെ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ ആക്ഷേപിക്കുകയും പല തരത്തില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് ആത്മസംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ അത് കിട്ടിക്കോട്ടെ. അതില്‍ പരാതിയില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Next Story