Top

'അച്ചടക്കലംഘനം നടത്തിയിട്ടില്ല'; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ പി അനില്‍കുമാര്‍

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല.

4 Sep 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ചടക്കലംഘനം നടത്തിയിട്ടില്ല; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ പി അനില്‍കുമാര്‍
X

തിരുവനന്തപുരം: തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് കെപി അനില്‍കുമാര്‍. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ട പ്രകാരം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി പശ്ചാത്തലത്തില്‍ നടപടി പിന്‍വലിക്കണമെന്നും ഒരു സ്വകാര്യ ചാനിലിന് നല്‍കിയ പ്രതികരണത്തില്‍ അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഡിസിസി അധ്യക്ഷ പട്ടികയില്‍ പരസ്യ വിമർശനം നടത്തിയതിനായിരുന്നു മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തത്.

മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് അറിയിച്ചത്. പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അച്ചടക്ക നടപടി.

വിഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്നായിരുന്നു കെ പി അനില്‍ കുമാറിന്റെ വിമർശനം. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥായാണ് നിലവിലെന്ന് ആരോപിച്ച അനില്‍കുമാർ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യം ചെയ്തിരുന്നു.

''ഇപ്പോള്‍ കേള്‍ക്കുന്ന പട്ടിക സത്യമാണെങ്കില്‍ ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ലൂ ആയിരിക്കും. ഒരു തര്‍ക്കവുമില്ല. ഗ്രൂപ്പായിരിക്കില്ല മാനദണ്ഡം എന്ന് നേരത്തെ നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുള്ളവരാണ്. ഇപ്പോള്‍ പട്ടികയിലുള്ളവരുടെ ക്വാളിറ്റിയെന്താണ്. എന്താണ് ഡിസിസി പ്രസിഡന്റുമാരെ നിയമിക്കാനുള്ള യോഗ്യത. ഇവരൊക്കെ നുണ പറയുകയാണ്. ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥാണിത്.

ഇത് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുവാനുള്ള തീരുമാനമായി മാറുമെന്ന് ഉറപ്പാണ്. പലരും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവാന്‍ നില്‍ക്കുന്നുവെന്നാണ് വിവരം. അത് കോണ്‍ഗ്രസിന് എത്ര ദോഷകരമാണെന്ന് നേതൃത്വം മനസിലാക്കണം. ഇതിനകത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ല. നിങ്ങള്‍ ചെയ്യുന്നത് സത്യസന്ധമാണെങ്കില്‍, നിതീയുക്തമല്ലെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം നിങ്ങള്‍ ചെയ്യുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യം ആണെങ്കില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്ന ബുദ്ധിയും ബോധവും നിങ്ങള്‍ക്കുണ്ടെങ്കില്‍ നാളെകളില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിക്കും. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി നിങ്ങളോടൊപ്പം അവസാനിക്കും'' എന്നും കെപി അനില്‍ കുമാര്‍ തുറന്നടിച്ചിരുന്നു.

Next Story