Top

'ഉണ്ണിത്താനെതിരെ നടപടിയില്ല'; താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകളില്‍ പടയൊരുക്കം

മുതിർന്ന നേതാക്കളെ അവഗണിക്കാൻ താരീഖ് അൻവർ കൂട്ടുനിന്നു എന്നും ഗ്രൂപ്പുകൾ പരാതിപ്പെടുന്നു

1 Sep 2021 6:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉണ്ണിത്താനെതിരെ നടപടിയില്ല; താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകളില്‍ പടയൊരുക്കം
X

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പടയൊരുക്കം ശകതമാകുന്നു. പുനഃസംഘടനയിൽ താരീഖ് പക്ഷപാതപരമായി പെരുമാറിയെന്നാണ് പരാതി. അതേസമയം ഉമ്മൻചാണ്ടിയെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

ഡിസിസി പുനഃസംഘടനയിൽ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ ഹൈക്കമാൻഡിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിച്ച പരാതികൾ താരിഖ് അവഗണിച്ചു. കെ സി വേണുഗോപാലിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മുതിർന്ന നേതാക്കളെ അവഗണിക്കാൻ താരീഖ് അൻവർ കൂട്ടുനിന്നു എന്നും ഗ്രൂപ്പുകൾ പരാതിപ്പെടുന്നുണ്ട്.

അതേസമയം ഉമ്മൻചാണ്ടിയെ അതിരൂക്ഷമായി വിമർശിച്ച കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നാണ് സൂചന. ഈ നിലപാട് കടുത്ത വിമർശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് വിവരം. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഉണ്ണിത്താൻ ഉമ്മൻചാണ്ടിയെ കടന്നാക്രമിച്ചത്. സംഭവത്തിൽ ഉണ്ണിത്താനെതിരെ വ്യാപക പരാതിയാണ് കെപിസിസിയ്ക്ക് ലഭിച്ചത്. പക്ഷേ പട്ടികയ്ക്ക് അനുകൂലമായി നേതൃത്വത്തിന് ഒപ്പം നിന്ന ഉണ്ണിത്താനെ കൈവിടരുത് എന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കൾക്കും. മാത്രമല്ല പട്ടിക പുറത്തുവന്നതിന് പിന്നാലെ പലനേതാക്കളും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഉണ്ണിത്താനെതിരെ നടപടി എടുക്കുമ്പോൾ കെ സി ജോസഫ്, ജോസഫ് വാഴക്കൻ എന്നിവർക്കെതിരെയും നടപടി എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കെപിസിസി നേതൃത്വം നൽകുന്നു.

ഇതിനിടെ ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളും ഭിന്നതയും പരിഹരിക്കാനുള്ള മാര്‍ഗം സംഘടനാ തെരഞ്ഞെടുപ്പ് ആണെന്നും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോള്‍ എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. തെരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രബലര്‍ ആരെന്ന് വ്യക്തമാകും. ഈ സാഹചര്യം കഴിവുള്ളവരെ നേതൃത്വത്തിലേക്ക് എത്തിക്കുമെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്നും ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പടുന്നു.

അതിനിടെ, കോണ്‍ഗ്രസില്‍ പുതിയ ഒരു നേതൃത്വം ഉയര്‍ന്നു വരുമ്പോള്‍ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് വ്യാപരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മാറ്റത്തിന്റെ സമയമാണെന്നും ഇനി അനുനയത്തിനും, സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഹൈക്കാന്‍ഡും നിലപാട് കര്‍ശനമാക്കുമ്പോള്‍ അധികാര കേന്ദ്രത്തിന് ഒപ്പം നില്‍ക്കാനാണ് പഴയ ഗ്രൂപ് അനുഭാവികളുടെ നിലപാട്. എന്നാല്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ക്കൊപ്പം പുതിയവിഭാഗങ്ങളും പാര്‍ട്ടിക്ക് ഉള്ളില്‍ രൂപം കൊള്ളുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Next Story