Top

ഒ.സിയെയും ആര്‍.സിയെയും 'മൂലക്കിരുത്താന്‍' കുമ്പക്കുടി സുധാകരന് സാധിക്കുമോ?

എ, ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയെന്ന ആശയത്തെ വി.ഡി സതീശനും കെ. സുധാകരനും പാടെ തള്ളിക്കളയാനും കഴിയില്ല.

29 Aug 2021 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒ.സിയെയും ആര്‍.സിയെയും മൂലക്കിരുത്താന്‍ കുമ്പക്കുടി സുധാകരന് സാധിക്കുമോ?
X

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കലാപാഹ്വാനങ്ങളും പൊട്ടിത്തെറിയും ഇതാദ്യമായിട്ടല്ല രൂപപ്പെടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും ഇടതുപക്ഷം അധികാരം പിടിച്ചതിന് ശേഷം പക്ഷേ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിക്കെതിരായ പോരാട്ടം ദയനീയമായി പരാജയപ്പെടുമ്പോഴും കോണ്‍ഗ്രസിനെ പ്രതിപക്ഷമായ കണ്ടിരുന്ന ജനത കേരളത്തിലുണ്ടായിരുന്നു. പുതിയ സൂചനകള്‍ മറ്റൊന്നാണ്. ഗ്രൂപ്പുകളുടെ തമ്മില്‍ത്തല്ല് രൂക്ഷമായ തുടരുന്ന സാഹചര്യത്തെ മറികടക്കാന്‍ ഗ്രൂപ്പിനതീതമായ പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്താണ് കുമ്പക്കുടി സുധാകരന്‍ എത്തുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ സുധാകരന്‍ മൂന്നാം ഗ്രൂപ്പിന് തുടക്കം കുറിക്കുകയാണെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കുകയെന്ന ആശയത്തെ വി.ഡി സതീശനും കെ. സുധാകരനും പാടെ തള്ളിക്കളയാനും കഴിയില്ല. അണിയറയില്‍ അധികാരം ഇരുവര്‍ക്കുമുണ്ടെങ്കിലും അതികായരായ ആര്‍സിയും ഒസിയും പുറത്തുണ്ട്. നേരിട്ടൊരു അംഗത്തിനിറങ്ങി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിക്കാന്‍ ആര്‍സി-ഒസി സഖ്യം ശ്രമിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ കെ.സി വേണുഗോപാല്‍ സുധാകരനെ നയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ഇനിയും മുന്നോട്ടുപോയാല്‍ ഇരുവര്‍ക്കും മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരും.

കേഡര്‍ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആര്‍സി-ഒസി സഖ്യത്തിനൊപ്പം പടയൊരുക്കങ്ങള്‍ക്ക് ശക്തിപകരും. നേരത്തെ സുധാകരന്റെ രീതികള്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് തുറന്നടിച്ച നേതാവാണ് മുല്ലപ്പള്ളിയെന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാം. ശത്രുപക്ഷത്ത് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന നേതാക്കളാണ്.

പിണറായി വിജയനെന്ന നേതാവിനെ മുന്‍നിര്‍ത്തി കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വലിയ നേട്ടം കൊയ്ത് മുന്നേറുകയാണ് സിപിഐഎം. പ്രളയം, കൊവിഡ്, നിപ്പ കാലഘട്ടങ്ങളെ അതിജീവിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന മതിപ്പും ഏറെ വലുതാണ്. ഒരുവശത്ത് പാര്‍ട്ടിയിലെ ഉള്‍പ്പോര് ഒതുക്കാന്‍ സുധാകരനും, ഇടതുപക്ഷം നേടിയിരിക്കുന്ന ജനപ്രീതിയെയും മറികടക്കാന്‍ വി.ഡി സതീശനും കഴിയണം. ഇത് ശ്രമകരമായ രാഷ്ട്രീയ ദൗത്യമാണ്.

Next Story