Top

'അപ്പനും മകനും കളി നിര്‍ത്തിക്കോ, രാജിവച്ച് പോകൂ'; ചെന്നിത്തലയോട് കോണ്‍ഗ്രസ് സൈബര്‍ സംഘം

അത് എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ.

23 Aug 2021 2:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്പനും മകനും കളി നിര്‍ത്തിക്കോ, രാജിവച്ച് പോകൂ; ചെന്നിത്തലയോട് കോണ്‍ഗ്രസ് സൈബര്‍ സംഘം
X

ആര്‍സി ബ്രിഗേഡിലെ ചര്‍ച്ചയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും മകനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍ അനുകൂലികളായ സൈബര്‍ സംഘം. കോണ്‍ഗ്രസ് സൈബര്‍ ടീം ഓഫീഷ്യല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചെന്നിത്തലയ്ക്ക് നേരെ വിമര്‍ശമുയര്‍ന്നത്. ചെന്നിത്തലയും മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണെന്നും പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചയായ പോസ്റ്റില്‍ പറയുന്നത്: ''പ്രിയ ചെന്നിത്തല സാറും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങള്‍ ശവമടക്ക് നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനര്‍ജനച്ചു വരുമ്പോള്‍ നിങ്ങള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാന്‍ താങ്ങാവേണ്ട നിങ്ങള്‍ എന്താണ് കാണിച്ചു കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീര്‍ക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാന്‍ മടിയില്ലാത്ത കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിര്‍ത്തിക്കോ. ''ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന്‍ കലാപത്തിന് ഒരുങ്ങണമെന്നായിരുന്നു ആര്‍സി ബ്രിഗേഡിലെ ചര്‍ച്ചയിലെ ആഹ്വാനം. ഇതിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നായിരുന്നു ആരോപണം. ഗ്രൂപ്പ് അഡ്മിന്‍മാരായ ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, സുബോധ് തുടങ്ങിയവര്‍ ചെന്നിത്തലയുടെ വിശ്വസ്തരാണ്. ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല നിശബ്ദ സാന്നിധ്യമായി ഗ്രൂപ്പിലുണ്ടായിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എയും സജീവ കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പിലെ അംഗങ്ങളാണ്.

ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും ഗ്രൂപ്പില്‍ പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ് ആകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നല്‍കണം, ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം തുടങ്ങിയവയൊക്കെയാണ് ആര്‍സി ബ്രിഗേഡിലെ ചര്‍ച്ചകളും പരാമര്‍ശങ്ങളും.

അതേസമയം, തന്റെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആര്‍ സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുമായി തനിക്കോ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല അറിയിച്ചു.

Next Story