Top

'എകെ ബാലനറിയാതെ ഒന്നും നടക്കില്ല'; കണ്ണമ്പ്ര ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും

21 Sep 2021 6:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എകെ ബാലനറിയാതെ ഒന്നും നടക്കില്ല; കണ്ണമ്പ്ര ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും
X

പാലക്കാട് കണ്ണമ്പ്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന് സിപിഐഎമ്മിലെ അച്ചടക്ക നടപടിക്ക് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമാവുന്നു. കണ്ണമ്പ്ര ഭൂമിയിടപാടില്‍ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി കെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും മുന്‍ മന്ത്രി എകെ ബാലനെതിരെ തിരിയുന്നത്. ചാമുണ്ണിയുടെ ബന്ധു ആര്‍ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

പാലക്കാട് ജില്ലയിലെ പ്രമുഖ സിപിഐഎം നേതാവായ എകെ ബാലന്‍ അറിയാതെ ഒന്നും നടക്കില്ല എന്നാണ് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ പ്രതികരണം. ഭൂമി ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. പ്രാദേശിക നേതൃത്വത്തില്‍ നടപടി ഒതുങ്ങില്ലെന്നാണ് ബിജെപിയുടെ നിലപാട്. പാര്‍ട്ടി പുറത്താക്കിയ സുരേന്ദ്രനെ പിന്തുണയ്ച്ചവരെയും കണ്ടെത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇ്‌പ്പോള്‍ തരം താഴ്ത്തപ്പെട്ട നേതാക്കള്‍ കൂടുതല്‍ ചുമതലകളുമായി തിരികെ വരും. നിയമ വ്യവസ്ഥയെ അട്ടിമറിയ്ക്കുന്ന നടപടികളാണ് നടക്കുന്നത് എന്നും ബിജെപി കുറ്റപ്പെടുത്തി.

കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമി വാങ്ങിയതില്‍ മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി സിപിഐഎം നിയോഗിച്ച പാര്‍ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍, കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നത്. തുടര്‍ന്ന് ജില്ലാ കമ്മറ്റിയും ചേര്‍ന്നിരുന്നു പിന്നാലെയാണ് നടപടി.

ഭൂമി വാങ്ങുന്നതിന് നേതൃത്വം നല്‍കിയ കണ്ണമ്പ്ര ചൂര്‍കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയുമായ ആര്‍ സുരേന്ദ്രനെയാണ് പാര്‍ടിയില്‍ നിന്നും പുറത്താക്കിയത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ പാര്‍ടി ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് കൂടിയാണ് സികെ ചാമുണ്ണി.

അതേസമയം, പാര്‍ട്ടി അറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതിനും പഴയ രസീത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയതിനും വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്താനും തീരുമാനിച്ചു. കണ്ണാടി സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പുതുശ്ശേരി ഏരിയാ കമ്മറ്റി സ്വീകരിച്ച അച്ചടക്ക നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. നേരത്തെ പുതുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഇരുപതോളം പേര്‍ക്കെതിരെയാണ് പുറത്താക്കലും തരം താഴ്ത്തലുമടക്കമുള്ള നടപടി ഏരിയ കമ്മിറ്റി സ്വീകരിച്ചിരുന്നു. അതേസമയം ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്രമക്കേട് സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.

Next Story

Popular Stories