Top

ഹണിട്രാപ്പ് കേസ്; ചാറ്റിം​ഗ് വിവരങ്ങൾ നശിപ്പിച്ച് പരാതിക്കാരനായ എസ്ഐ

നേരത്തെ കേസിൽ മൊഴി നൽകാൻ എസ്ഐ മടിച്ചിരുന്നു.

3 Oct 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണിട്രാപ്പ് കേസ്; ചാറ്റിം​ഗ് വിവരങ്ങൾ നശിപ്പിച്ച് പരാതിക്കാരനായ എസ്ഐ
X

ഹണിട്രാപ്പ് കേസിൽ പരാതിക്കാരനായ പൊലീസുകാരൻ തെളിവുകൾ നശിപ്പിച്ചെന്ന് സംശയത്തിൽ അന്വേഷണ സംഘം. പൊലീസുകാരന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ വാടസ്ആപ്പ് ചാറ്റുകളുൾപ്പെടെ നശിപ്പിച്ച സ്ഥിതിയിലാണ്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസ് സേനയ്ക്ക് അപമാനമായി മാറിയ ഹണി ട്രാപ്പ് കേസിൽ അന്വേഷണം ആരംഭിച്ചതു മുതൽ ദുരൂഹത തുടരുകയാണ്. പരാതിക്കാരനായ എസ്ഐ തന്നെയാണ് തന്നോട് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ കുടുക്കാൻ ഹണി ട്രാപ്പ് ചെയ്യാൻ നിർദ്ദേശിച്ചതെന്ന് നേരത്തെ ആരോപണ വിധേയയായ കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ കേസിൽ മൊഴി നൽകാൻ എസ്ഐ മടിച്ചിരുന്നു. മൊഴി നൽകാൻ ഹാജരാവാൻ എസ്ഐ എത്തുന്നില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകാനിരിക്കെയാണ് ഒടുവിൽ എസ്ഐ മൊഴി നൽകിയത്. കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കൊല്ലം റൂറൽ എസ്ഐ നൽകിയ പരാതി. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തു വരികയും പൊലീസ് ഉദ്യോ​ഗസ്ഥർ ഹണി ട്രാപ്പിൽ കുടുങ്ങി എന്ന സംശയത്തെത്തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സഘത്തിന് കൈമാറിയത്. എന്നാൽ ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

എസ്ഐയാണ് ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോ​ഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. "2019 ൽ എസ്ഐക്കെതിരെ ‍ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോ​ഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു," യുവതി പറഞ്ഞു. തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു.

Next Story