Top

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; വിവാദങ്ങളിലേക്ക് ഹൈദരലി തങ്ങളുടെ കത്തും

പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കുക കീഴ്വഴക്കങ്ങള്‍ എതിരാകും

7 Aug 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; വിവാദങ്ങളിലേക്ക് ഹൈദരലി തങ്ങളുടെ കത്തും
X

പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ ലീഗ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാക്കുകയാണ്.

വിവാദങ്ങള്‍ക്കിടെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ആരോപണങ്ങളോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെ സമവായ പാത തേടാനാണ് നേതൃത്വം ശ്രമിക്കുക. മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കുക കീഴ്വഴക്കങ്ങള്‍ എതിരാകും എന്നതിനാല്‍ ലീഗ് നേതൃത്വത്തിന് എളുപ്പമാവില്ല.

കുടുംബാംഗങ്ങളുമായും പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഇന്നലെ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതേസമയംമുഈനലി തങ്ങളുടെ ചന്ദ്രികയിലെ ഇടപെടലുകള്‍ക്ക് ഹൈദരലി തങ്ങളുടെ പിന്തുണയുണ്ടന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് ഹൈദരലി തങ്ങള്‍ എഴുതിയ കത്ത് പുറത്തായി. ആദ്യ ഇഡി അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ മുഈനലിയെ ഹൈദരലി തങ്ങള്‍ ചുമതലപ്പെടുത്തിയത്.

ചന്ദ്രികയുടെ പ്രവര്‍ത്തനം ശരിയായ വഴിയിലല്ലന്ന് മുഈനലി ഹൈദരലി തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭാ ഒഴിവാക്കി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് എത്തിയ സാഹചര്യത്തില്‍ യോഗം ഇന്നലെ നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ മലപ്പുറത്ത് ഇല്ലാത്തതാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

Next Story