Top

ആശങ്കയുയർത്തി ടിപിആർ; പരിശോധനകള്‍ വർദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ്

വാക്സിനേഷൻ ഊർജിതമാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തി പെടുത്താനാണ് സർക്കാർ ശ്രമം.

25 Aug 2021 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആശങ്കയുയർത്തി ടിപിആർ; പരിശോധനകള്‍ വർദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ്
X

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വർദ്ധനവ്. മൂന്ന് മാസത്തിനിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 18 ശതമാനത്തിന് മുകളിലെത്തിയത്. അതേസമയം പരിശോധനകൾ ഇനിയും വർദ്ധിപ്പിക്കാനാണ് ഇന്നലെ ചേർന്ന അവലോകന യോഗത്തിലെ സർക്കാർ തീരുമാനം.

ഓണത്തിന് നൽകിയ ഇളവുകളുടെ ഫലം രണ്ടാഴ്ചയ്ക്ക് ശേഷം രോഗ ബാധിതരുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നല്‍കുന്ന മുന്നറിയിപ്പ്. പരിശോധനയുടെ എണ്ണം ഒരു ലക്ഷം കടന്ന സാഹചര്യത്തിലാണ് ടി പി ആർ 18 ന് മുകളിൽ എത്തിയത്. കഴിഞ്ഞ ദിവസത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 24000 ന് മുകളിലായിരുന്നു. വരും ദിവസങ്ങളിൽ വാക്സിനേഷന് കുറവുള്ള ജില്ലകളിൽ പരിശോധനകൾ കൂട്ടാനാണ് അവലോകന യോഗത്തിലെ തീരുമാനം.

ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്കും, രോഗികളുടെ എണ്ണവും ഇനിയും ഉയർന്നേക്കുമെന്നും എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകന യോഗത്തില്‍ ധാരണയായിരുന്നു. ഒരു ഭാഗത്ത് ടെസ്റ്റുകൾ വർദ്ധിപ്പിക്കുമ്പോൾ മറു ഭാഗത്ത് വാക്സിനേഷൻ ഊർജിതമാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തി പെടുത്താനാണ് സർക്കാർ ശ്രമം. വാക്സിനേഷൻ 70 ശതമാനം പിന്നിട്ട ജില്ലകളിൽ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം.

സെപ്റ്റംബറോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വിവാക്സിൻ നൽകണമെന്നാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.. വാക്സിൻ സ്വീകരിക്കുന്നവരിലും രോഗ ബാധ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കപെടുത്തുന്നതാണ്. ഇത്തരത്തിൽ 5 ശതമാനത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇടുക്കി,പാലക്കാട് കാസർകോട്, ജില്ലകളിൽ ജനിതക പഠനം നടത്തുവാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം രോഗ വ്യാപനം തീവ്രമാകുമെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ള നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം..ഒക്ടോബറിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ദർ നൽകുന്നുണ്ട്. എന്നാൽ ഇത് നേരിടാൻ സംസ്ഥാനം സജ്ജമാണെന്നാണ് സർക്കാർ വിലയിരുത്തൽ.

Next Story