Top

'യുജിസി അംഗീകാരം ലഭിക്കുമെന്ന് 'വാക്കാല്‍' ഉറപ്പു നല്‍കി വഞ്ചിച്ചു'; ലക്ഷങ്ങള്‍ നല്‍കി ജെയ്ന്‍ കൊച്ചി ക്യാംപസില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍

അഡ്മിഷൻ സമയത്ത് ഉറപ്പു നൽകിയ പഠനം സൗകര്യവും ക്യാംപസിൽ ഒരുക്കിയിട്ടില്ല

6 Aug 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുജിസി അംഗീകാരം ലഭിക്കുമെന്ന് വാക്കാല്‍ ഉറപ്പു നല്‍കി വഞ്ചിച്ചു; ലക്ഷങ്ങള്‍ നല്‍കി ജെയ്ന്‍ കൊച്ചി ക്യാംപസില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍
X


കൊച്ചി: ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാംപസില്‍ അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലെന്ന് മാതാപിതാക്കള്‍. അഡ്മിഷന്‍ സമയത്ത് യു.ജി.സി അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് 'വാക്കാല്‍' ഉറപ്പു നല്‍കിയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ഫീസുള്ള കോഴ്‌സുകളില്‍ അഡ്മിഷനെടുപ്പിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത രക്ഷിതാവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. യുജിസി അംഗീകാരമില്ലാത്ത ക്യാംപസില്‍ പഠിച്ചിറങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്‌സി പരീക്ഷകള്‍ പോലും എഴുതാനാവില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് അധികൃതരെ അറിയിച്ചെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ ജെയ്ന്‍ പോലുള്ള വിദ്യഭ്യാസ രംഗത്തെ കുത്തക വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിക്കൊരുങ്ങുമോയെന്നും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. യു.ജി.സി അംഗീകാരം ലഭിക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കി അഡ്മിഷനെടുത്തത്തു, എന്നാല്‍ രണ്ട് വര്‍ഷം മുന്നോട്ടുപോയിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ല. ജെയ്ന്‍ ബംഗളൂരു ക്യാംപസിന്റെ പേരിലാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ബംഗളൂരുവിലെ സ്ഥാപനത്തിലെ പ്രസിദ്ധിയിലേക്ക് കൊച്ചി ക്യാംപസും വളരുമെന്ന് വിശ്വസിച്ച തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ചിന്തിക്കേണ്ടി വരികയാണെന്നും ഒരു രക്ഷിതാവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് വെളിപ്പെടുത്തി.

പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന ഭീഷണി
യു.ജി.സി അംഗീകാരം ലഭിച്ചാല്‍ മാത്രം ഫീസടച്ചാല്‍ മതിയെന്ന വാക്കാല്‍ ഉറപ്പു ലഭിച്ച രക്ഷിതാക്കള്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസം നടക്കാനിരുന്ന പരീക്ഷ എഴുതാന്‍ ഫീസടച്ചവര്‍ക്ക് മാത്രമെ അനുവാദം നല്‍കുകയുള്ളുവെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. നേരത്തെ നല്‍കിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷാ ദിവസം നൂറിലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്യാംപസിലെത്തി പ്രതിഷേധിച്ചപ്പോള്‍ അധികൃതര്‍ സമ്മര്‍ദ്ദത്തിലായി. ഇതോടെ ഭീഷണി പിന്‍വലിച്ച അധികൃതര്‍ പരീക്ഷാ റദ്ദാക്കി. പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അതേസമയം ഫീസടക്കാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. യൂ.ജി.സി അംഗീകാരം ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നതുമായി ജെയ്ന്‍ അധികൃതരുടെ ആശ്വാസ വാക്കുകള്‍ വിശ്വസിക്കാന്‍ ഇത്തവണ രക്ഷിതാക്കള്‍ തയ്യാറായേക്കില്ല. യു.ജി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കേണ്ടതും രക്ഷിതാക്കളുടെ ആശങ്കയെ മനസിലാക്കേണ്ടതും ജെയ്‌നാണ്. പരിഹാരം കാണാതെ വിഷയം ദീര്‍ഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുന്നത് വിശ്വാസ വഞ്ചനയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് ഫീസ് പൂര്‍ണമായും അടയ്ക്കണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. എന്നാല്‍ കോടികള്‍ മുടക്കി കമ്പനി പരസ്യം ചെയ്യുന്നുത് തുടരുന്നുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി വാദത്തെ പൊളിക്കുന്നുതാണ്.
പരീക്ഷ ആദ്യ തവണ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വഭാവികമായും ആദ്യ അവസരത്തില്‍ വിദ്യാര്‍ത്ഥി പരാജയപ്പെട്ടുവെന്നും സപ്ലി എഴുതിയാണ് വിജയിച്ചതെന്നും രേഖകളില്‍ വ്യക്തമാവും. കോഴ്‌സ് പഠിച്ചിറങ്ങിയ ഉടന്‍ ഇന്റേന്‍ഷിപ്പുകള്‍ ചെയ്യുന്നതിനായി സ്പ്ലിമെന്റി പേപ്പറുകള്‍ ഉള്ള വിദ്യാര്‍ത്ഥിക്ക് കഴിയില്ല. കൂടാതെ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ തുടങ്ങിയ ചെറുകിട സ്ഥാപനങ്ങള്‍ വരെ ആദ്യ അവസരത്തില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാറില്ല. വിദ്യാര്‍ത്ഥിയുടെ ഭാവിയെ ഇത്രയധികം ബാധിക്കുന്ന ഭീഷണി മുന്നോട്ടുവെക്കാന്‍ അധികൃതര്‍ തുനിഞ്ഞിറങ്ങിയതിന് പിന്നിലെ ഔചിത്യവും ഇതു തന്നെയാണ്. എന്നാല്‍ ഇവയെല്ലാം സാമ്പത്തിക പ്രതിസന്ധിയെന്ന വാദത്തിലൂടെ ന്യായീകരിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.

കേന്ദ്ര ഇടപെടല്‍ അനിവാര്യം
ജെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മാതാപിതാക്കള്‍ പറയുന്നു. കേരളത്തിലെ ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്ക് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കി രക്ഷിതാക്കള്‍ പരാതി അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കും രക്ഷിതാക്കള്‍ പരാതി കൈമാറി കഴിഞ്ഞു. രക്ഷിതാക്കള്‍ പ്രശ്‌ന പരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന നിലപാടാണ് അഡ്മിനിസ്‌ട്രേഷന്റേത്. മാധ്യമങ്ങളില്‍ നിരന്തരം നല്‍കുന്ന പരസ്യങ്ങള്‍ തെളിവായി ഉദ്ധരിച്ചു കൊണ്ട് പരാതിക്കാര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

കൊവിഡ് കാലത്തെ കൊള്ളലാഭം
ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ അഡ്മിഷന്‍ എടുത്ത (2019 മെയ് ജൂണ്‍) സമയത്ത് വാഗ്ദാനം നല്‍കിയ ലാബ് സൗകര്യങ്ങള്‍ ഇതുവരെ അധികൃതര്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ക്യാമറ ഒഴികെയുള്ള ഡിജിറ്റല്‍ ലാബില്‍ (റേഡിയോ സ്‌റ്റേഷന്‍, എഡിറ്റിംഗ് സ്റ്റുഡിയോ) വാഗ്ദാനം ചെയ്ത ഒന്നും അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല. ഇതിനെക്കാള്‍ ഉപരി പ്രാക്ടില്‍ അറിവുകള്‍ മുന്‍നിര്‍ത്തിയാണ് സിലബസ് തയ്യാറാക്കിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ഓഫറുകളെല്ലാം വെറും വാക്കുകളില്‍ മാത്രമായിരുന്നു. പേരിന് നടത്തിയ ചില ഓണ്‍ലൈന്‍ സെഷന്‍സ് നടത്തിയിരുന്നു, ഇവയൊന്നും കാര്യക്ഷമമായിരുന്നില്ല. കോഴ്‌സ് തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വിദ്യാര്‍ത്ഥികളെ ഭാവി ആശങ്കയിലാണ്.
ഒരു ഫീല്‍ഡ് സന്ദര്‍ശനം പോലുമില്ലാതെ മുന്നോട്ടുപോകുന്ന കോഴ്‌സ് പാതി വഴിക്ക് ഉപേക്ഷിക്കാനും വിദ്യാര്‍ത്ഥികള്‍ക്കാവില്ല. മൂന്ന് വര്‍ഷം പൂര്‍ത്തിയാവാന്‍ കുറച്ചു മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് ഇതിനിടയില്‍ കോഴ്‌സ് ഉപേക്ഷിച്ചാല്‍ വലിയ നഷ്ടമാവുമെന്നും വിദ്യര്‍ത്ഥികള്‍ പറയുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്നിലും മറ്റു മാര്‍ഗങ്ങളില്ല്. യുജിസി അംഗീകാരവും കോഴ്‌സ് സൗകര്യങ്ങളുമെല്ലാം വാഗ്ദാനത്തില്‍ ഒതുങ്ങുകയാണെന്ന് ചുരുക്കം. ബസ് ഫീസിനത്തില്‍ ഉള്‍പ്പെടെ മുന്‍കൂറായി വാങ്ങിയ പണത്തിന്‍റെ ആനുകൂല്യവും കൊവിഡ് കാലത്ത് വിദ്യർത്ഥികള്‍ക്ക് ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

Next Story