Top

സംസ്ഥാനത്ത് ഇനി അടച്ചിടലില്ല; വാക്‌സിനേഷനിലെ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാര്‍

പ്രതിദിന കൊവിഡ് കേസുകള്‍ നോക്കി നിയന്ത്രണങ്ങള്‍ മാറ്റുന്നതുള്‍പ്പെടെ സമഗ്രമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

11 Sep 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ഇനി അടച്ചിടലില്ല; വാക്‌സിനേഷനിലെ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സര്‍ക്കാര്‍
X

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലുള്‍പ്പെടെ അടുത്തയാഴ്ച സമഗ്രമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ നാളെ മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലാതാകും. ഇതൊടൊപ്പം പ്രതിദിന കൊവിഡ് കേസുകള്‍ നോക്കി നിയന്ത്രണങ്ങള്‍ മാറ്റുന്നതുള്‍പ്പെടെ സമഗ്രമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടേക് എവേ സൗകര്യങ്ങള്‍ മാറ്റി ഹോട്ടലുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഒരുങ്ങുക എന്നതായാരിക്കും ഇനിയുണ്ടാവാനുള്ള പ്രധാന മാറ്റം. മാനദണ്ഡങ്ങളില്‍ മാറ്റമാണ് മറ്റൊന്ന്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളിലേക്ക് മാറും. രോഗികളുടെ എണ്ണം നോക്കിയുള്ള അടച്ചിടല്‍ മാറ്റും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ മാത്രമാക്കി രോഗ നിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കും. സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാവുമെന്നാണ് വിലയിരുത്തല്‍. വാക്‌സിനേഷനിലെ മുന്നേറ്റം കണക്കിലെടുത്ത് പരിശോധനാ തന്ത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 80 ശതമാനം പേരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എത്തിയ സാഹചര്യത്തില്‍ ഇനി മുതല്‍ സംസ്ഥാന വ്യാപകമായി ആര്‍ടിപിസിആര്‍ പരിശോധനകളാകും ഉണ്ടാവുക. ആന്റിജന്‍ ടെസ്റ്റ് ചികിത്സാ ആവശ്യത്തിന് മാത്രമേ പാടുള്ളു. വ്യവസായവ്യാപര മേഖലകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഇടപെടലും ഉടനുണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം, ഭീഷണികളെ അവഗണിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. വാക്‌സിനേഷനിലെ മുന്നേറ്റമാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നത്. അടഞ്ഞ് കിടക്കുന്ന കൂടുതല്‍ മേഖലകള്‍ വരും ദിവസങ്ങളില്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആശ്വാസം നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന സര്‍ക്കാര്‍ വിലയിരുത്തല്‍... ഈ മാസം മൂന്ന് മുതല്‍ ഒന്‍പത് വരെ ശരാശരി കേസുകള്‍ 2,42,278.. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് 21, 000 കേസുകളുടെ കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ടിപിആറിന്റെയും പുതിയ കേസുകളുടേയും വളര്‍ച്ചാ നിരക്ക് യഥാക്രമം എട്ടും പത്തും ശതമാനം കുറഞ്ഞു.

ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ ഉള്ളത് രോഗികളുടെ 13 ശതമാനം മാത്രമാണ്. ആകെ രോഗികളില്‍ 2 ശതമാനത്തിനാണ് ഓക്‌സിജന്‍ കിടക്ക വേണ്ടി വന്നത്. 1 ശതമാനം മാത്രമേ ഐസിയുവില്‍ ഉള്ളു. രണ്ടാം തരംഗത്തില്‍ ഡല്‍റ്റ വൈറസ് ഏറ്റവും നാശം വിതയ്ക്കാന്‍ സാധ്യത ഉള്ളത് കേരളമായിരുന്നു. എന്നാല്‍ മികച്ച പ്രതിരോധത്തിലൂടെ അത് തടയാന്‍ സാധിച്ചു എന്നാണ് വിലയിരുത്തല്‍.

രോഗികളുടെ എണ്ണം കൂടിയെങ്കിലും ഗുരുതര രോഗികള്‍ വര്‍ധിച്ചില്ല. ആശുപത്രിയില്‍ ചികിത്സയില്‍ എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്ന നിലയിലായിരുന്നു എന്നതും ഗുണകരമായി. ഇതിന് വാക്‌സിനേഷനിലെ മികവാണ് സഹായകമായത്. മരണസംഖ്യ ഉയര്‍ന്നെങ്കിലും അതില്‍ 95 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവരായിരുന്നു. വാക്‌സിന്‍ എടുത്ത ശേഷം മരിച്ചവരാകട്ടെ രണ്ടിലേറെ അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. അതിനാല്‍ത്തന്നെ വാക്‌സിന്‍ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.

അതേസമയം, കൊവിഡിന്റെ ഭീഷണികളെ അവഗണിക്കാനാകില്ലെന്നും സുരക്ഷാകവചം തകരാതെ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഡബ്ല്യുഐപിആര്‍ മാനദണ്ഡം ലഘൂകരിച്ചതോടെ കൂടുതല്‍ വാര്‍ഡുകള്‍ ലോക്ഡൗണ്‍ പരിധിക്ക് പുറത്താകും. എന്നാല്‍ ക്വാറന്റീനും ഹോം ക്വാറന്റീനും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശക്തമായ നടപടികള്‍ തുടരും.

Next Story

Popular Stories