Top

'മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെട്ടു'; തട്ടിപ്പ് പുറത്ത് വന്നതിനെ കുറിച്ച് പരാതിക്കാരന്‍

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നുവെന്നും കൃത്യമായ ഇടപെടലില്‍ അറസ്റ്റ് നടന്നെന്നും ഷമീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

27 Sep 2021 7:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെട്ടു; തട്ടിപ്പ് പുറത്ത് വന്നതിനെ കുറിച്ച് പരാതിക്കാരന്‍
X

മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റ് ഉണ്ടായതെന്ന് പരാതിക്കാരനായ കെടി ഷമീര്‍. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നുവെന്നും കൃത്യമായ ഇടപെടലില്‍ അറസ്റ്റ് നടന്നെന്നും ഷമീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. എഡിജിപിയെ നേരിട്ട് പോയി കണ്ടു. തത്സമയത്ത് തന്നെ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് എഫ്‌ഐആര്‍ ഇട്ടതും അന്വേഷണം നടന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും.' ഷെമീര്‍ പറഞ്ഞു.

എറണാകുളത്തെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. സാധാരണക്കാര്‍ പരാതി പറഞ്ഞാല്‍ സിവില്‍കേസാണെന്ന് പറഞ്ഞ് ഒഴിയുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും ഷെമീര്‍ കൂട്ടിചേര്‍ത്തു.

മാന്‍സന്‍ മാവുങ്കലിനെതിരായി അന്വേഷണങ്ങള്‍ നേരത്തെ അട്ടിമറിക്കപ്പെട്ടതായും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പൊലീസിലെ അടുപ്പം ഉപയോഗപ്പെടുത്തിയാണ് അന്വേഷണം മോന്‍സണ്‍ അട്ടിമറിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍. മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് അന്വേഷണം അട്ടിമറിച്ചത് ഐജി ലക്ഷമണയാണ് എന്നാണ് മറ്റൊരു ആക്ഷേപം. മോന്‍സണെതിരെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം സിഐക്ക് കൈമാറിയത് ഐജി ലക്ഷമണയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു.

സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷമണ ഇല്ലാത്ത അധികാരം വച്ചാണ് അന്വേഷണം മാറ്റി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ എത്തിയതും. മോന്‍സനെതിരെ പരാതി നല്‍കിയ യാക്കൂബ് എന്നയാള്‍ പണം കൈമാറിയ വിവരം പോലും ഉന്നതര്‍ക്ക് അറിയാമായിരുന്നു എന്ന തരത്തിലും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.

യാക്കൂബ് മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് മുന്‍ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍ വച്ചായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നതരുമായുള്ള അടുപ്പം കോടികളുടെ തട്ടിപ്പ് മറയ്ക്കാനുള്ള വഴിയായാണ് മോന്‍സണ്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പൊലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്‍സണ്‍ ജോസഫ് അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണ്‍ മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്‍സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നു. ആലപ്പുഴയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരേ പലവട്ടം പലരും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

Next Story