Top

'വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു'; ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസിൽ ആവശ്യമായ പഠന സൗകര്യങ്ങളില്ലെന്ന് പരാതി

ജേണലിസം പോലുള്ള കോഴ്സുകളിൽ മിനിമം പ്രാവീണ്യം നേടാനുള്ള സാഹചര്യം പോലും ഒരുക്കിയിട്ടില്ലെന്ന് ആരോപണം ജെയ്ൻ അധികൃതർക്ക് വിനയാവും

8 Aug 2021 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു; ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാംപസിൽ ആവശ്യമായ പഠന സൗകര്യങ്ങളില്ലെന്ന് പരാതി
X

ജെയ്ൻ യൂണിവേഴ്സിറ്റ് കൊച്ചി ക്യാംപസിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങളില്ലെന്ന് പരാതി. പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത വിദ്യാർത്ഥിയാണ് റിപ്പോർട്ടർ ലൈവിനോട് ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് പൂർണമായ ഡിജിറ്റൽ ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് അഡ്മിഷൻ സമയത്ത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോഴ്സ് അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പോലും ഇവ പ്രാവർത്തികമാക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. യുജിസി അം​ഗീകാരം ലഭിക്കുമെന്ന് ഉറപ്പ് നൽകിയത് മുതൽ ജെയ്ൻ കൊച്ചി ക്യാംപസിനെതിരെ സമീപകാലത്ത് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വിദ്യാർത്ഥികളുടെ പുതിയ വെളിപ്പെടുത്തലിനോട് മാനേജ്മെന്റ് ഔദ്യോ​ഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ജേണലിസം ആന്റ് കമ്യൂണിക്കേഷൻ കോഴ്‌സിൽ അഡ്മിഷൻ എടുത്ത (2019 മെയ് ജൂൺ) സമയത്ത് വാഗ്ദാനം നൽകിയ ഡിജിറ്റൽ ലാബ് സൗകര്യങ്ങൾ ഇതുവരെ അധികൃതർ പ്രാവർത്തികമാക്കിയിട്ടില്ല. കൂടാതെ പ്രാക്ടിക്കൽ അടിസ്ഥാനപ്പെടുത്തിയ പരിശീലനവും സ്ഥാപനം ഉറപ്പു നൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ലെന്ന് വിദ്യാർത്ഥി റിപ്പോർട്ടർ ലൈവിനോട് വെളിപ്പെടുത്തി.

റേഡിയോ സ്‌റ്റേഷൻ, എഡിറ്റിംഗ് സ്റ്റുഡിയോ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മാനേജ്മെന്റ് അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികൾ നൽകിയത്. ഏറെ മത്സരം നിലനിൽക്കുന്ന മാധ്യമ മേഖലകളിലേക്ക് ചേക്കേറാൻ ഡിജിറ്റൽ സൗഹൃദമുള്ള ക്യാംപസ് അന്തരീക്ഷം അനിവാര്യമാണ്. എഴുത്തിൽ മാത്രമായി ഒതുങ്ങാതെ നൂതന സാങ്കേതിക വിദ്യകൾക്കും ഏറെ പ്രധാന്യമുള്ള മേഖലയാണ് ഇന്ന് മാധ്യമരം​ഗം. ഇതെല്ലാം ഉൾക്കൊള്ളിക്കുന്ന പ്രാക്ടിക്കൽ സെഷനുകൾ പേരിന് മാത്രം ഓൺലൈനായി നടത്തിയെന്നും, പാഠ്യപദ്ധതി തങ്ങളുടെ ഭാവിയെ ഇല്ലാതാവുമെന്നുമുള്ള ആശങ്കയും വിദ്യാർത്ഥികൾ പങ്കുവെച്ചു.

ഒരു ഫീൽഡ് സന്ദർശനം പോലുമില്ലാതെ മുന്നോട്ടുപോകുന്ന കോഴ്‌സ് പാതി വഴിക്ക് ഉപേക്ഷിക്കാനും വിദ്യാർത്ഥികൾക്കാവില്ല. മൂന്ന് വർഷം പൂർത്തിയാവാൻ കുറച്ചു മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് ഇതിനിടയിൽ കോഴ്‌സ് ഉപേക്ഷിച്ചാൽ വലിയ നഷ്ടമാവുമെന്നും വിദ്യർത്ഥികൾ പറയുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് മുന്നിലും മറ്റു മാർഗങ്ങളില്ല. യുജിസി അംഗീകാരവുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന ആശങ്കയ്ക്ക് പുറമെയാണ് പഠന സൗകര്യങ്ങളുമായി ഉയർന്നിരിക്കുന്നത്.

കൊവിഡ് കാലത്ത് ഓൺലൈനായി പോലും സ്ഥിരമായി പ്രാക്ടിക്കൽ സെഷനുകൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. അതേസമയം ഫീസിനത്തിൽ അടയ്ക്കാനുള്ള തുക ഉടൻ അടയ്ക്കണമെന്നും മാനേജ്മെന്റ് അന്ത്യശാസനം നൽകുന്നു. ജേണലിസം പോലുള്ള കോഴ്സുകളിൽ മിനിമം പ്രാവീണ്യം നേടാനുള്ള സാഹചര്യം പോലും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടില്ലെന്ന് ആരോപണം ജെയ്ൻ അധികൃതർക്ക് വിനയാവുമെന്ന് തീർച്ച.

Next Story

Popular Stories