Top

പി കെ നവാസിനെതിരായ പരാതി; ഹരിത നേതാക്കളുടെയും ഫാത്തിമ തെഹ്ലിയയുടെയും മൊഴിയെടുത്തു

സാക്ഷിയെന്ന നിലയിലാണ് ഫാത്തിമ തെഹ്ലിയയുടെ മൊഴി എടുത്തത്.

22 Aug 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി കെ നവാസിനെതിരായ പരാതി; ഹരിത നേതാക്കളുടെയും ഫാത്തിമ തെഹ്ലിയയുടെയും മൊഴിയെടുത്തു
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ പരാതിയില്‍ വനിത വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ രണ്ട് സംസ്ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇന്‍സ്‌പെക്ടര്‍ അനിത കുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പരാതി നല്‍കിയ മറ്റ് എട്ട് ഭാരവാഹികളുടെയും മൊഴി അടുത്തദിവസങ്ങളില്‍ രേഖപ്പെടുത്തും.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്‌ലിയയില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം. സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി എടുത്തത്. ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാത്തിമ തഹ്‌ലിയയും പങ്കെടുത്തിരുന്നു. പി കെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ സംസ്ഥാന വനിതകമ്മീഷന് ഹരിത നല്‍കിയ പരാതിയില്‍ വള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയ പശ്ചാത്തലത്തില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത.

എന്നാല്‍ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും ഹരിത നേതാക്കള്‍ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നായിരുന്നു ഫാത്തിമ തെഹ്ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലീഗ് നേതൃത്വം നടപടിക്ക് മുന്‍പ് വിശദീകരണം നേടിയില്ല. പാര്‍ട്ടി സ്വീകരിച്ചത് പാര്‍ട്ടിയുടെ തീരുമാനം. ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന രണ്ടാഴ്ചയിലെ സമയത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ് എന്നും ഫാത്തിമ പറഞ്ഞിരുന്നു.

Next Story