Top

നര്‍കോട്ടിക് ജിഹാദ് വിവാദം: അന്തരീക്ഷം തണുപ്പിക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ രംഗത്ത്, തിരുവനന്തപുരത്ത് ഇന്ന് യോഗം

20 Sep 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നര്‍കോട്ടിക് ജിഹാദ് വിവാദം: അന്തരീക്ഷം തണുപ്പിക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ രംഗത്ത്,  തിരുവനന്തപുരത്ത് ഇന്ന് യോഗം
X

നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കലുഷിതമായ കേരളത്തിലെ സാമൂഹിക അന്തരീക്ഷം തണുപ്പിക്കാന്‍ നീക്കവുമായി മതമേലധ്യക്ഷന്‍മാര്‍. രാഷ്ട്രീയ നേതാക്കളുടെ സമവായ ചര്‍ച്ചകള്‍ക്കിടയിലാണ് മതമേലധ്യക്ഷന്‍മാര്‍ തന്നെ വിഷയത്തില്‍ യോഗം ചേരും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ തിരുവന്തപുരത്താണ് യോഗം നടക്കുക.

യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായ നേതാക്കള്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് സൂസൈപാക്യം, പാളയം ഇമാം ഡോ സുഹൈബ് മൗലവി, സ്വമി ഗുരുരത്‌നം ജ്ഞാനതപസ്സി, കെഎന്‍എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം്. വര്‍ഗീയ ചേരിതിരിവ് അവസാനിപ്പിച്ചു മതസൗഹാര്‍ദ്ദം വീണ്ടെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് യോഗം ചേരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതിനിടെ, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മതാചാര്യന്മാരും നേതാക്കളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കും. പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും മുന്നേറണം. മത സൗഹാര്‍ദ്ദവും സമുദായ സാഹോദര്യവും സംരക്ഷിക്കണമെന്നും ആലഞ്ചേരി ആവശ്യപ്പെട്ടു. കേരളത്തിന്റെ പാരമ്പര്യത്തിന് കോട്ടംതട്ടുന്ന നിലയില്‍ വിവാദങ്ങള്‍ വളരുന്ന നിലയുണ്ടാവരുത്. മതവികാരം മുറിപ്പെടുത്തുന്ന കാര്യങ്ങളില്‍ പരിഹാരം വേണം. പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ അനുനയ നീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മതസമുദായിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കോണ്‍ഗ്രസ് തങ്ങളുടെ ഇടപെടല്‍ വ്യക്തമാക്കിയത്.

മതസമുദായിക നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ മതസൗഹാര്‍ദ്ദം തുടരണമെന്ന നിലപാടാണ് എല്ലാ നേതാക്കളും പ്രകടിപ്പിച്ചത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്നും നേതാക്കള്‍ ഞായറാഴ്ച വൈകീട്ട് കോഴിക്കോട് വ്യക്തമാക്കിയിരുന്നു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

വിവാദം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രതിബന്ധതയില്ലാത്ത സര്‍ക്കാരിന്റെ ഇടപെടലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ചത് നിസംഗതയാണെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. പാല ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി വാസവന്റെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

Next Story