Top

'കോളേജ് തുറന്നാല്‍ ഫീസ് അടക്കണം'; നടപടി സ്വാശ്രയകോളേജുകളുടെ ആവശ്യപ്രകാരം

സ്ഥാപനങ്ങളില്‍ വാക്സിന്‍ ഡ്രൈവ് നടത്തും. അതേ സമയം കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും ക്ലാസുകള്‍ ക്രമീകരിക്കുന്നത്

10 Sep 2021 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോളേജ് തുറന്നാല്‍ ഫീസ് അടക്കണം; നടപടി സ്വാശ്രയകോളേജുകളുടെ ആവശ്യപ്രകാരം
X

സംസ്ഥാനത്ത് വീണ്ടും കോളേജുകള്‍ തുറക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ 4 മുതല്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. അവസാന വര്‍ഷ ക്ലാസുകളാണ് ആരംഭിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഒരു ഡോസ് വാക്സിന്‍ എല്ലാ കുട്ടികളും സ്വികരിച്ചെന്ന് ഉറപ്പാക്കും. സ്ഥാപനങ്ങളില്‍ വാക്സിന്‍ ഡ്രൈവ് നടത്തും. അതേ സമയം കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും ക്ലാസുകള്‍ ക്രമീകരിക്കുന്നത്.

സ്ഥാപനങ്ങളില്‍ കൊവിഡ് ജാഗ്രതാ സമിതി രൂപീകരിക്കണം. സി എഫ് എല്‍ ടി സികളായി പ്രവര്‍ത്തിക്കുന്ന കോളേജുകളും ഹോസ്റ്റലുകളും വിട്ടു നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കും. നേരിട്ടുള്ള ക്ലാസിനോടൊപ്പം ഓണ്‍ലൈന്‍ ക്ലാസും വേണോ എന്നത് പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനിക്കാം. സമയക്രമം സ്ഥാപന മേധാവികള്‍ക്ക് തന്നെ നിശ്ചയിക്കാനും നിര്‍ദേശമുണ്ട്.

ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പിടിഎയുടേയും സഹായം തേടും. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസര്‍, സോപ്പ് എന്നിവ കോളേജുകളില്‍ ലഭ്യമാക്കും. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ ആവശ്യപ്രകാരമാണ് തീരുമാനം. അല്ലാത്ത പക്ഷം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാവുമെന്നാണ് മാനേജ്‌മെന്റ് പക്ഷം.

Next Story