Top

'കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഐഎം പിന്‍മാറണം'; കേന്ദ്രനേതൃത്വം സംസ്ഥാനത്തെ തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

അപകടമായ പ്രചരണമാണ് സിപിഐഎം അഴിച്ചു വിടുന്നത്.

18 Sep 2021 7:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഐഎം പിന്‍മാറണം; കേന്ദ്രനേതൃത്വം സംസ്ഥാനത്തെ തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമമെന്ന സിപിഐഎം പരാമര്‍ശത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അപകടമായ പ്രചരണമാണ് സിപിഐഎം അഴിച്ചു വിടുന്നത്. ഈ ദുഷ്പ്രചരണം സമൂഹങ്ങളുടെ പരസ്പരമുള്ള വിശ്വാസ്യത തകര്‍ക്കുക എന്നത് മാത്രം ഉദ്ദേശിച്ചുള്ളതല്ല. സംഘ്പരിവാറും ലവ് ജിഹാദ് പ്രചരകരും പുലര്‍ത്തുന്നതുപോലെ സിപിഐഎം വച്ച് പുലര്‍ത്തുന്ന സ്ത്രീ വിരുദ്ധതയും ഈ പ്രചരണത്തിന് പിന്നിലുണ്ട്. വിദ്യാര്‍ത്ഥിനികളും യുവതികളും ആരുടെയും പ്രലോഭനത്തിന് വീണ് ഏങ്ങോട്ടേയ്ക്കും ചായുന്നവരാണ് എന്ന പുരുഷാധിപത്യ അധമ മനസുകൂടി ഈ പ്രചരണത്തിന് പിന്നിലുണ്ടെന്ന് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറുകയാണ് വേണ്ടതെന്നും ഉറച്ച മതേതര നിലപാടുകള്‍ പുലര്‍ത്താറുള്ള സിപിഐഎം കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ തിരുത്തണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ഹമീദ് വാണിയമ്പലം പറഞ്ഞത്: സിപിഐ(എം) സമ്മേളനങ്ങളിലെ പ്രഭാഷകര്‍ക്കുള്ള കുറിപ്പില്‍ പ്രൊഫഷണല്‍ കോളേജ് കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാമര്‍ശമുള്ളതായി വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യ രാജ്യത്ത് ഇന്നും പ്രസക്തിയുള്ള മതേതര പാര്‍ട്ടി തന്നെയാണ് സിപിഐ(എം). പ്രത്യേകിച്ച് സംഘ്പരിവാര്‍ ഭരണകാലത്ത് മതേതര കൂട്ടായ്മയുടെ ഭാഗമാകേണ്ടവരാണ് അവര്‍. എന്നാല്‍, കേരളത്തില്‍ സമീപകാലത്തായി അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അത്യന്തം അപകടകരമാണ്. അവരുടെ തന്നെ ദേശീയ നിലപാടുകളുടെ കടകവിരുദ്ധവും രാജ്യത്തെ മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്നതുമാണ്.

ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തി മതവിഭാഗങ്ങളെ വംശീയമായി വേര്‍തിരിച്ച് സവര്‍ണാധിപത്യ ഭരണക്രമം സൃഷ്ടിച്ചെടുക്കാന്‍ സംഘ്പരിവാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ അതിന്റെ വിജയപ്രാപ്തിയിലേക്ക് നീളുന്ന ഘട്ടമാണിത്. അതേ ഫോര്‍മാറ്റും രീതിയും അവലംബിച്ച് കേരളത്തില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തി തങ്ങള്‍ക്ക് സമഗ്രാധിപത്യം നേടാനുള്ള നീക്കമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. അതിലവര്‍ ഭാഗികമായി വിജയിച്ചതാണ് തുടര്‍ഭരണം നേടിയെടുക്കാനുണ്ടായ പലകാരണങ്ങളിലൊന്ന്. വി.എസ് അച്യുതാനന്ദന്‍ എന്ന പരിണിത പ്രജ്ഞനായ സിപിഎം നേതാവ് ഒരിക്കല്‍ യാതൊരു വസ്തുതകളുടെ പിന്‍ബലവുമില്ലാതെ കേരളം 20 വര്‍ഷം കഴിയുമ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകുമെന്ന ഒരു ആരോപണം ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎം നേതാക്കള്‍ പച്ചയായി കേരളത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ ഹാര്‍മണി തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് ചിലകേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോഴുണ്ടാകുന്ന കലുഷിതമായ പ്രചരണങ്ങള്‍.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി വംശീയവര്‍ഗീയവാദികള്‍ ഉന്നയിക്കുന്ന ആരോപണം പോലെ തന്നെ വസ്തുതളുടെ പിന്‍ബലമോ സത്യത്തിന്റെ നേര്‍കണികയോ ഇല്ലാത്ത ആരോപണമാണ് സിപിഎം നേതാക്കള്‍ കേരളമാകെ പ്രഭാഷണം നടത്തി പ്രചരിപ്പിക്കാനൊരുങ്ങുന്നത്. കേരളത്തിലെ കോളജുകളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ കോളജുകളില്‍ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടന തങ്ങളിലേക്ക് ബലം പ്രയോഗിച്ച് ആളെ ചേര്‍ക്കുന്നെങ്കില്‍ അത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന മാത്രമാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കുക, എതിര്‍ ശബ്ദങ്ങളെ കായികമായും സംഘടിത അദ്ധ്യാപക യൂണിയനുകളെ ഉപയോഗിച്ചും നിശബ്ദമാക്കുക തുടങ്ങിയ ഒട്ടേറെ ആരോപണങ്ങള്‍ അവര്‍ക്കെതിരെ വസ്തുതകളുടെ പിന്‍ബലത്തോടെ തന്നെ ഉയരുന്നുണ്ട്.

പരീക്ഷ ഉത്തരക്കടലാസും സര്‍വകലാശാല മുദ്രയും സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ നിന്ന് പിടിച്ചെടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതൊക്കെയിരിക്കെ അതിനേക്കാള്‍ അപകടമായ പ്രചരണമാണ് ഇവിടെ സിപിഎം അഴിച്ചു വിടുന്നത്.

സത്യത്തില്‍ ഈ ദുഷ്പ്രചരണം സമൂഹങ്ങളുടെ പരസ്പരമുള്ള വിശ്വാസ്യത തകര്‍ക്കുക എന്നത് മാത്രം ഉദ്ദേശിച്ചുള്ളതല്ല. സംഘ്പരിവാറും ലവ് ജിഹാദ് പ്രചരകരും പുലര്‍ത്തുന്നതുപോലെ സിപിഎം എന്ന പാര്‍ട്ടി വച്ച് പുലര്‍ത്തുന്ന സ്ത്രീ വിരുദ്ധതയും ഈ പ്രചരണത്തിന് പിന്നിലുണ്ട്. വിദ്യാര്‍ത്ഥിനികളും യുവതികളും ആരുടെയും പ്രലോഭനത്തിന് വീണ് ഏങ്ങോട്ടേയ്ക്കും ചായുന്നവരാണ് എന്ന പുരുഷാധിപത്യ അധമ മനസുകൂടി ഈ പ്രചരണത്തിന് പിന്നിലുണ്ട്. കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്‍മാറുകയാണ് വേണ്ടത്. ഉറച്ച മതേതര നിലപാടുകള്‍ പുലര്‍ത്താറുള്ള സിപിഐ(എം) കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ഇനിയെങ്കിലും തിരുത്തിക്കണം. കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും എതിരായ ഈ നീക്കത്തില്‍ നിന്ന് സിപിഎമ്മിനെ പിന്തിരിപ്പിക്കാന്‍ പുരോഗമ ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കണം.

Next Story