Top

കുട്ടികള്‍ ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കഴുത്തറുത്തു; അക്രമി അടുത്തിരിക്കുകയായിരുന്നു; സംഭവത്തെകുറിച്ച് പ്രിന്‍സിപ്പല്‍

ആക്രമണം നടക്കുമ്പോള്‍ അടുത്തൊന്നും മറ്റു വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്ത നിലയിലാണ് കണ്ടതെന്നും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് പ്രിന്‍സിപ്പല്‍ പറഞ്ഞു

1 Oct 2021 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടികള്‍ ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കഴുത്തറുത്തു; അക്രമി അടുത്തിരിക്കുകയായിരുന്നു; സംഭവത്തെകുറിച്ച് പ്രിന്‍സിപ്പല്‍
X

പെണ്‍കുട്ടിയെ കോളെജിനുള്ളില്‍ സഹപാഠി കുത്തികൊന്ന സംഭവത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ്. ആക്രമണം നടക്കുമ്പോള്‍ അടുത്തൊന്നും മറ്റു വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തറുത്ത നിലയിലാണ് കണ്ടതെന്നും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് പ്രിന്‍സിപ്പല്‍ പറഞ്ഞു. പെണ്‍കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി അവിടെ തന്നെ ഇരിക്കുകയായിരുന്നുവെന്നും ഫാ. ജെയിംസ് പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ പ്രതികരണം-

വിദ്യാര്‍ത്ഥികള്‍ ദൂരെ നിന്ന് മാത്രമാണ് സംഭവം കണ്ടത്. അടുത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കഴുത്തറുത്ത് നിലയിലായിരുന്നു. പ്രതി അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. അവിടെ തന്നെ ഇരിക്കുകയായിരുന്നു. അവസാനത്തെ സെമസ്റ്റര്‍ പരീക്ഷയെഴുതിയ ശേഷമാണ് സംഭവം.

പെണ്‍കുട്ടിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. അവരുടെ മുന്നിലും പിന്നിലുമായി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. പക്ഷെ അകലത്തിലായിരുന്നതിനാല്‍ കൃത്യമായി സംഭവം കണ്ടില്ല. കോളെജില്‍ ഇത് സംഭവിച്ചതില്‍ ദുഖമുണ്ട്. കൊവിഡ്-19 കാരണം രണ്ട് വര്‍ഷമായി കോളേജ് അടച്ചുകിടന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചൊന്നും നമുക്കൊന്നും അറിയില്ല.

പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമം നടത്തിയത.് പ്രണയനൈരാശ്യമാണ് കൊലയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. സഹപാഠിയാണ് ഇരുവരും. ഫുഡ് ടെക്‌നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് കൊലപാതകം.

Next Story