Top

കല്‍ക്കരി ക്ഷാമം; മിച്ചം നാലു ദിവസം കൂടി ഉപയോഗിക്കാനുള്ള കല്‍ക്കരി

മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തീരക്കിട്ട നീക്കങ്ങളിലാണ് ഊര്‍ജമന്ത്രാലയം. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധറുടെ അഭിപ്രായം.

6 Oct 2021 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്‍ക്കരി ക്ഷാമം; മിച്ചം നാലു ദിവസം കൂടി ഉപയോഗിക്കാനുള്ള കല്‍ക്കരി
X

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം. ഊര്‍ജ ഉത്പാദനം വര്‍ധിച്ചതും കനത്തമഴയില്‍ കല്‍ക്കരി വെള്ളത്തിലായതുമാണ് ക്ഷാമം നേരിടാന്‍ കാരണമായത്. നാലു ദിവസം കൂടി ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. ഇതോടെ പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ നില്‍ക്കുമെന്നാണ് വിവരം. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നത്.

കല്‍ക്കരി പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍ കെ സിങ് സ്ഥിരികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തീരക്കിട്ട നീക്കങ്ങളിലാണ് ഊര്‍ജമന്ത്രാലയം. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധറുടെ അഭിപ്രായം.

രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക്് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30ന് തന്നെ സ്റ്റോക്ക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുളളൂ.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ കുറവാണ് കല്‍ക്കരി ഉത്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ് ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ കല്‍ക്കരി ക്ഷാമം വൈദ്യുതി നിരക്കുകളിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.


Next Story