Top

'അവരെ മഹത്വവല്‍ക്കരിക്കാന്‍ ഇവിടെ ആരും തയ്യാറാകില്ല'; സിലബസ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

ഏത് പ്രതിലോമ ആശയവും വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവരും

10 Sep 2021 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവരെ മഹത്വവല്‍ക്കരിക്കാന്‍ ഇവിടെ ആരും തയ്യാറാകില്ല; സിലബസ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി
X

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരത്തോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കുന്ന സമീപനം കേരളത്തിനില്ലെന്നും അതിന് ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഏത് പ്രതിലോമ ആശയവും വിമര്‍ശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവരും. അതില്‍ തര്‍ക്കമില്ല. ഈ കാര്യത്തില്‍ യൂണിവേഴ്‌സിറ്റി ഉചിതമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിഷയം പഠിക്കാന്‍ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമനമെടുക്കുമെന്ന് വിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'' ഏതായലും ഇത്തരം കാര്യങ്ങളിലെ കേരളത്തിന്റെ നിലപാട് എന്താണ് എന്നത് സംബന്ധിച്ച് ആര്‍ക്കും പ്രത്യേക സംശയമോ ആശങ്കയോ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് പരാമര്‍ശത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. നാര്‍കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുതെന്നും അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. പാലാ ബിഷപ്പ് ഉദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ വേര്‍തിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം: ''നാര്‍ക്കോട്ടിക്ക് ജിഹാദ് ഇത് നമ്മള്‍ ആദ്യമായി കേള്‍ക്കുന്നതാണെന്ന് തോന്നുന്നു. അങ്ങനെയൊരു പദം നേരത്തെ കേട്ടില്ല. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. അതുകൊണ്ട് അതിനെ തടയാന്‍ ആവശ്യമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നുണ്ട്.''

''നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണനിലയില്‍ ഇങ്ങനെയൊരു നിലപാടാണ് നമ്മള്‍ എടുക്കേണ്ടത്. ഇതില്‍ ബിഷപ്പ് ഉദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. പറയാനുള്ള സാഹചര്യവും മനസിലാകുന്നില്ല. പക്ഷെ നമ്മള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ വേര്‍തിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ നാടിന്റെ പ്രത്യേകത വച്ച്.''

Next Story