Top

പൊലീസ് ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രിയുടെ യോ​ഗം ഇന്ന്; മോൻസൺ, ഹണിട്രാപ്പ് വിവാദങ്ങൾക്കിടെ

മോൻസൻ മാവുങ്കലുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് യോ​ഗമെന്നതും ശ്രദ്ധേയമാണ്

3 Oct 2021 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസ് ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രിയുടെ യോ​ഗം ഇന്ന്; മോൻസൺ, ഹണിട്രാപ്പ് വിവാദങ്ങൾക്കിടെ
X

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം ഇന്ന് നടക്കും. പൊലീസ് ആസ്ഥാനത്ത് വൈകിട്ട് മൂന്ന് മണിക്ക് ഓൺ ലൈൻ വഴിയാണ് യോഗം. എസ്എച്ച്ഒമാർ മുതൽ ഡിജിപി വരെയുള്ളവരുടെ യോഗമാണ് ചേരുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. ക്രമസമാധാന നിലയും സാഹചര്യവും വിലയിരുത്താനാണ് യോഗമെങ്കിലും നിലവിലെ സാഹചര്യത്തിൽ യോഗത്തിന്റെ പ്രാധാന്യം ഏറെയാണ്.


പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് യോ​ഗമെന്നതും ശ്രദ്ധേയമാണ്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് മോൻസുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഇത് സർക്കാരിന് ചെറുതല്ലാത്ത ക്ഷീണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസന്റെ വീടുകൾക്ക് സംരക്ഷണം നൽകാൻ നിർദേശിച്ചത് അന്ന് ഡിജിപി ആയിരുന്ന ബെഹ്റയാണ്. മുൻ ഡിഐജി സുരേന്ദ്രനും മോൻസണുമായുള്ള ബന്ധവും മോൻസണ് എതിരായ അന്വേഷണം അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതും പീഡന പരാതി ഒരുക്കി തീർക്കാൻ പൊലീസ് തന്നെ ശ്രമിച്ചതും സേനയ്ക്ക് നാണക്കേടായിട്ടുണ്ട്.

ഇതിനൊപ്പം പൊലീസ് ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദം, പിങ്ക് പൊലീസിന്റെ പെരുമാറ്റം, പൊതുനിരത്തുകളിലെ പൊലീസിന്റെ പരിധിവിട്ട നടപടികൾ എന്നിവ അടുത്തിടെ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇവയടക്കം പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രവർത്തനം കൂടി കണക്കിലെടുത്താണ് സർക്കാരിനെ വിലയിരുത്തുന്നതെന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു.

Next Story