Top

'അത്തരത്തില്‍ പൊലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല', സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

14 Aug 2021 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത്തരത്തില്‍ പൊലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല, സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
X

കേരളത്തില്‍ ഭീകരവാദസംഘങ്ങളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം തള്ളി സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'അത്തരത്തില്‍ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല' എന്നും മുഖ്യമന്ത്രി സഭയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന സാഹചര്യത്തില്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലായിരുന്നു ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ല എന്ന് പറയാനാകില്ല. സംസ്ഥാനത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയതിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനായെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രി തള്ളുന്നത്.

കേരളത്തെ ഭീകര സംഘടനകള്‍ റിക്രൂട്ടിംഗ് ലക്ഷ്യമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്നു എന്നും ലോക്‌നാഥ് ബെഹ്‌റ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരെപ്പോലും ലക്ഷ്യമിടുന്നതായും ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു ബെഹ്‌റയുടെ വെളിപ്പെടുത്തല്‍.

Next Story