Top

'മുഖ്യമന്ത്രി അവിടെയില്ലല്ലോ, പൊലീസ് പറഞ്ഞ കള്ളം കേട്ടല്ലേ ഇരിക്കുന്നത്'; മുഖ്യമന്ത്രിക്കെതിരെ മേരി

നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല

2 Aug 2021 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി അവിടെയില്ലല്ലോ, പൊലീസ് പറഞ്ഞ കള്ളം കേട്ടല്ലേ ഇരിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ മേരി
X

പൊലീസുകാര്‍ തന്റെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തള്ളി പാരിപ്പള്ളിയിലെ വയോധികയായ മത്സ്യകച്ചവടക്കാരി മേരി വര്‍ഗീസ്. സ്ഥലത്ത് സംഭവിച്ചതെന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നും പൊലീസുകാര്‍ പറഞ്ഞ കള്ളം കേട്ടാണ് അദ്ദേഹം ഇരിക്കുന്നതെന്നും മേരി മാധ്യമങ്ങളോട് പറഞ്ഞു.

മേരി പറഞ്ഞത്: ''എനിക്ക് പറയാനുള്ളത്, പൊലീസുകാര്‍ മീന്‍ എടുത്ത കളഞ്ഞ സമയത്ത് മുഖ്യമന്ത്രി അവിടെയില്ലല്ലോ. മുഖ്യമന്ത്രി അവിടെ ഉണ്ടെങ്കില്‍ അല്ലേ മനസിലാകൂ. മുഖ്യമന്ത്രി അവര്‍ പറഞ്ഞ കള്ളം കേട്ടല്ലേ ഇരിക്കുന്നത്. അവര്‍ തെറ്റിദ്ധരിപ്പിച്ച് വച്ചിരിക്കുകയല്ലേ. നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി ഇതൊന്നും കണ്ടിട്ടില്ലല്ലോ.''

മത്സ്യം വലിച്ചെറിഞ്ഞതിനെക്കുറിച്ച് വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്നും ടിപിആര്‍ ഉയര്‍ന്ന നിരക്കുള്ള പ്രദേശത്തുനിന്ന് മാറാനാണ് പറഞ്ഞതെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കച്ചവടം നിരോധിച്ചതിനാല്‍ മത്സ്യവും മറ്റും വലിച്ചെറിഞ്ഞതായി കൃത്രിമമായി സൃഷ്ടിച്ച പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് നിര്‍ദേശിച്ചതെന്നും സി.ആര്‍. മഹേഷിന്റെ സബ്മിഷന് മറുപടി നല്‍കി.

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള ഡി കാറ്റഗറിയിലായതിനാല്‍ പൊലീസും പഞ്ചായത്ത് അധികൃതരും ശക്തമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും മത്സ്യ വിപണന കേന്ദ്രങ്ങളിലും ചന്തകളിലും മത്സ്യവ്യാപാരത്തിന് നിയന്ത്രണവും ചില സ്ഥലങ്ങളില്‍ നിരോധനവും ഏര്‍പ്പെടുത്തി. പാരിപ്പള്ളിയില്‍ മത്സ്യക്കച്ചവടം നടക്കുന്നിടത്ത് ജനം കൂട്ടംകൂടി നില്‍ക്കുന്നെന്ന വിവരം ലഭിച്ചിരുന്നു. പൊലീസ് പല തവണ ഇത് വിലക്കി. മാറ്റി കച്ചവടം നടത്തിയ സ്ഥലവും ഉയര്‍ന്ന ടി.പി.ആര്‍ മേഖലയായിരുന്നെന്നും മുഖ്യമന്ത്രി ഇന്ന് വിശദീകരിച്ചിരുന്നു.

Next Story