Top

'സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണം'; മുഖ്യമന്ത്രി പിണറായി

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും

21 Sep 2021 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി പിണറായി
X

നാര്‍ക്കോട്ടിക്ക് ജിഹാദ് ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്നത് മുളയിലേ നുള്ളണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും. സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയൂ. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അന്ധകാരത്തെ അന്ധകാരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അന്ധകാരത്തെ ഇല്ലാതാക്കാന്‍ വെളിച്ചത്തിനെ കഴിയു. ഇത് പൊതുസമൂഹം മനസിലുറപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം, പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ മതസമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. കാനം അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം ലജ്ജാകരമാണെന്നും സുധാകരന്‍ പറഞ്ഞു. മറ്റേത് സര്‍ക്കാരാണെങ്കിലും വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയ ശേഷം നടപടികള്‍ സ്വീകരിച്ചിട്ട് കാര്യമില്ല. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മതസമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമില്ലെന്നാണ് കാനം രാജേന്ദ്രന്‍ ഇന്ന് പ്രതികരിച്ചത്. വിഷയം പ്രതിപക്ഷം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം പറഞ്ഞു. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ടെന്നും അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

Next Story