Top

'ചികിത്സ ലഭിക്കാതെ ഒരാൾ പോലും കേരളത്തിൽ മരണപ്പെട്ടിട്ടില്ല, നമ്മള്‍ സജ്ജമാണ്'; എണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

ഒരു ഘട്ടത്തിൽ പോലും ചികിത്സയുടെ കാര്യത്തിൽ പരാതി ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിൻ ഇത്ര മെച്ചപ്പെട്ട രീതിയിൽ, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല.

27 Aug 2021 4:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചികിത്സ ലഭിക്കാതെ ഒരാൾ പോലും കേരളത്തിൽ മരണപ്പെട്ടിട്ടില്ല, നമ്മള്‍ സജ്ജമാണ്; എണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
X

കൊവിഡ് രണ്ടാം തരം​ഗവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യയിൽത്തന്നെ, കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാൾ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിൽ പോലും ചികിത്സയുടെ കാര്യത്തിൽ പരാതി ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിൻ ഇത്ര മെച്ചപ്പെട്ട രീതിയിൽ, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്. മുഖ്യമന്ത്രി പറഞ്ഞു.

ലേഖനത്തിലെ പ്രസക്ത ഭാ​ഗങ്ങൾ

ഇന്ത്യയിൽത്തന്നെ, കോവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാൾ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിൽ പോലും ചികിത്സയുടെ കാര്യത്തിൽ പരാതി ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിൻ ഇത്ര മെച്ചപ്പെട്ട രീതിയിൽ, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണ്.

കോവിഡിൻറെ ഫലമായി നീണ്ട അടച്ചിടലുകൾ വേണ്ടിവന്നതോടെ തൊഴിൽശാലകൾ നിശ്ചലമായി. സാധാരണ നിലയിൽ ജീവിതോപാധികൾ ഇല്ലാതായിത്തീരുന്ന ഈയവസ്ഥയിൽ പട്ടിണി മരണങ്ങൾ പടരേണ്ടതാണ്. എന്നാൽ, കേരളത്തിൽ ഒരാൾക്കു പോലും വിശന്ന് അന്തിയുറങ്ങേണ്ടി വന്നിട്ടില്ല. അതാണു നമ്മൾ വിഭാവനം ചെയ്ത ഭരണസംസ്കാരത്തിലെ മാറ്റം.

കോവിഡിൻറെ ഒന്നാം തരംഗത്തിൻറെ ഘട്ടത്തിൽത്തന്നെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. അതിനുതകുന്ന ആശ്വാസ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായി. പെൻഷൻ തുക വർദ്ധിപ്പിച്ചു, ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു, വൈദ്യുതിക്കും വാടകയ്ക്കും, മറ്റുപല നികുതികൾക്കും ഇളവ് നൽകി. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ, ഓൺലൈൻ ക്ലാസ്സുകൾ നൽകുകയും എല്ലാവർക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ ബൃഹത്തായ ഇടപെടൽ നടത്തുകയും ചെയ്തു.

മഹാമാരിയുടെ അതതു ഘട്ടത്തിലെ സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തി, അപഗ്രഥിച്ചു തീരുമാനങ്ങളെടുക്കുന്ന നിലയാണ് ഇവിടെയുള്ളത്. അതിൻറെ അടിസ്ഥാനത്തിലാണ് എസ്എസ്എൽസി പരീക്ഷ നടത്തിയത്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ ഇത്തവണ പരീക്ഷയുണ്ടായിട്ടില്ല. പരീക്ഷ നടത്താതെ അവർ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, കേരളത്തിൽ എല്ലാ കാര്യങ്ങളും വിലയിരുത്തി പരീക്ഷ നടത്തി. ഒരു കുട്ടിക്കുപോലും അതുവഴി കോവിഡു വന്നില്ല. അത്ര പഴുതറ്റ രീതിയിൽ മുൻകരുതൽ നടപടികളോടെയാണ് പരീക്ഷ നടത്തിയതും ശാസ്ത്രീയമായ രീതിയിൽ ഇപ്പോൾ ഫലപ്രഖ്യാപനം നടത്തിയതും.

കോവിഡ്, ലോക സമ്പദ്ഘടനയെത്തന്നെ പ്രതികൂലമായി ബാധിച്ചപ്പോൾ, കഴിയാവുന്ന വിധത്തിൽ ഒക്കെ നമ്മുടെ സംസ്ഥാനത്തിൻറെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. സുഭിക്ഷ കേരളം, വ്യവസായഭദ്രത തുടങ്ങിയ ഇടപെടലുകൾ, 20,000 കോടി രൂപയുടെ രണ്ടു പ്രത്യേക പാക്കേജുകൾ എന്നിവ പ്രഖ്യാപിച്ചു. ലോകത്തൊരിടത്തും രണ്ടാമതൊരു കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ മാത്രമാണ് അങ്ങനെയൊരു ചിന്ത പോലും ഉണ്ടായത് എന്നോർക്കണം.

രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ ചില അനാവശ്യവിവാദങ്ങൾ ഉയർന്നുവരുന്നുണ്ട്. കോവിഡിൻറെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും, ടി.പി.ആർ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയർന്നു നിൽക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലർ. കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു വീഴ്ചപറ്റിയിരിക്കുന്നുവെന്നും ഇപ്പോൾ തുടരുന്ന നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങളല്ല നാം അവലംബിക്കേണ്ട മാതൃക എന്നുമുള്ള ചർച്ചകളുമുണ്ട്. ജനവികാരം സർക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതൊക്കെ.

ലേഖനം മുഴുവനായി വായിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക.

Next Story