Top

'ഓണത്തിന് ശേഷം ആശങ്കപ്പെട്ട നിലയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ല'; വാക്‌സിനേഷന്‍ മികച്ച രീതിയിലെന്ന് മുഖ്യമന്ത്രി

പരമാവധി പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

4 Sep 2021 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണത്തിന് ശേഷം ആശങ്കപ്പെട്ട നിലയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ല; വാക്‌സിനേഷന്‍ മികച്ച രീതിയിലെന്ന് മുഖ്യമന്ത്രി
X

ഓണത്തിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതു പോലെയുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവില്ല. ഒരാഴ്ചയായിട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ ഉയരാതെ 30000ത്തിനും 33000ത്തിനും ഇടയില്‍ തന്നെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ ശതമാനം കുറയുകയാണുണ്ടായത്. ആഗസ്റ്റ് 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ശരാശരി രോഗികളുടെ എണ്ണം 1,77,935ഉം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശതമാനം 5.99ഉം ആയിരുന്നു. എന്നാല്‍ ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള ആഴ്ചയില്‍ രോഗികളുടെ എണ്ണം 2,23,197 ആയി ഉയര്‍ന്നെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 5.23 ശതമാനമായി കുറഞ്ഞു.

കൊവിഡ് പോസിറ്റീവാകുന്നവരില്‍ വാക്സിനേഷന്‍ എടുത്തവരിലും കുറച്ചു പേര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷന്‍ എടുത്തവര്‍ക്കിടയില്‍ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവര്‍ക്കിടയിലാണ്. അതിനാല്‍ പ്രായമായവരില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കണം. അതുപോലെത്തന്നെ അനുബന്ധരോഗങ്ങളുള്ളവരും വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുത്. മരണ നിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ അതു സഹായകമാകും.

സംസ്ഥാനത്തെ വാക്സിന്‍ വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതനുസരിച്ച് 2,15,72,491 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 79,90,200 പേര്‍ക്ക്, അതായത് 27.84% പേര്‍ക്ക്, രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.

മൊത്തം ജനസംഖ്യയെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സിന്‍ ലഭിച്ചവരുടെ അനുപാതം. നമ്മുടെ വാക്സിനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും (52,10,15,869) രണ്ടാം ഡോസ് 12.06 ശതമാനമാണ്. സംസ്ഥാനം നടത്തിയ വളരെ ഊര്‍ജ്ജിതമായ വാക്സിനേഷന്‍ യജ്ഞത്തിലൂടെയാണ് വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ഈയൊരു ലക്ഷ്യം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നല്‍കാനായത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കി കേരളം മാതൃകയായി. 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാനറിയാത്തവരെ കൂടി ഉള്‍പ്പെടുത്തി വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിനും ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃ കവചവും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് വാക്സിന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് വാക്സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നാളെ 9,97,570 ഡോസ് വാക്സിന്‍ എത്തുമെന്നാണ് കേന്ദ്രം അറിയിപ്പ് തന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കിയിട്ടുണ്ട്.

വാക്സിന്‍ വിതരണം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നതിനാല്‍ സാമൂഹിക പ്രതിരോധം അധികം താമസിയാതെ നമുക്ക് ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കേരളത്തില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ വലിയ ആശങ്ക വച്ചു പുലര്‍ത്തേണ്ടതില്ല എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story