Top

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി; ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ ക്വാറന്റയിനിലേക്ക് മാറ്റും

പ്രാദേശികതലത്തില്‍ അനുയോജ്യമായ പ്രതിരോധ നടപടികളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ സ്വീകരിക്കുന്നത്.

4 Sep 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി; ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ ക്വാറന്റയിനിലേക്ക് മാറ്റും
X

വരാനിരിക്കുന്ന അവസ്ഥ കണക്കിലെടുത്ത് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

വാക്‌സിനേഷന്‍ താരതമ്യേന കുറഞ്ഞ രീതിയില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത് എന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കും. അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുക മാത്രമല്ല. അവരുടെ സ്വന്തം ചെലവില്‍ ക്വാറന്റയിനിലേക്ക് മാറ്റുകയും ചെയ്യും. അത് നേരത്തെ കഴിഞ്ഞ വീടല്ല. അതത് സ്ഥലത്ത് ഏര്‍പ്പെടുത്തുന്ന ക്വാറന്റയില്‍ കേന്ദ്രത്തില്‍ ആവും. കോവിഡ് ഒന്നാം തരംഗ കാലഘട്ടത്തില്‍ വളരെ ഫലപ്രദമായി നമ്മുടെ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇനിയും അത്തരത്തില്‍ പ്രവര്‍ത്തിക്കണം.

പ്രാദേശികതലത്തില്‍ അനുയോജ്യമായ പ്രതിരോധ നടപടികളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ സ്വീകരിക്കുന്നത്. അത്തരം നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ നേതൃത്വം ഏറ്റെടുക്കണം എന്നഭ്യര്‍ത്ഥിച്ചു. കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകള്‍, അവശ്യസാധനങ്ങള്‍, കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാക്കല്‍ എന്നിവ വാര്‍ഡുതലസമിതികള്‍ മുന്‍ഗണനാ പരിഗണന നല്‍കി നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ചത്തെ ലോക്ഡൗണും, രാത്രികാല നിയന്ത്രണവും തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ഇന്ന് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തി. ഞായറാഴ്ച ദിവസങ്ങളില്‍ ലോക്ഡൗണും, എല്ലാ ദിവസവും രാത്രികാല നിയന്ത്രണവും (രാത്രി 10 മുതല്‍ രാവിലെ 6 വരെ) നിലവിലുണ്ട്. ഇത് തുടരും. തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കും.

കോവിഡിനോടൊപ്പം ജീവിക്കാന്‍ തയാറെടുക്കുന്നവരാണ് നമ്മള്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണ്ണമായും വിട്ടുപോവില്ല എന്നാണ് വിദഗ്ധര്‍ കാണുന്നത്. അതു കണ്ടുള്ള പ്രതിരോധമാര്‍ഗമാണവലംബിക്കുക. ഇപ്പോള്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള 81 നഗര വാര്‍ഡുകളിലും 215 ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദ്രുത പ്രതികരണസേന (ആര്‍ആര്‍ടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീന്‍ ഉറപ്പുവരുത്തുകയാണ്. ഇതുമായി ബന്ധപെട്ട വാര്‍ഡ് തലത്തിലുള്ള താഴെ പറയുന്ന വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ചു ദിവസേന റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പര്‍ക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന ആളുകളുടെ എണ്ണം, വാര്‍ഡുതല കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം, ഗാര്‍ഹിക സമ്പര്‍ക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍. ക്വാറന്റൈനിലുള്ള എത്ര വീടുകളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങള്‍ എന്നിവയാണ് ശേഖരിക്കുക.

കോവിഡ് ബാധിതരായവര്‍ വീടുകളില്‍തന്നെ ക്വാറന്റയ്‌നില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റയ്ന്‍ ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കും. ഇത്തരം ആള്‍ക്കാരെ പിന്നീട് വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. അവരെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകള്‍ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കും.

കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്റെയ്‌നില്‍ കഴിയാന്‍ സഹായകരമായ സൗകര്യങ്ങള്‍ ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കും. ക്വാറന്റെയ്‌നില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാന്‍ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകും.

Next Story