Top

'നഷ്ടമായത് പത്രപ്രവർത്തനത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭനെ'; കെ എം റോയിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കെ എം റോയ് നൽകിയ സംഭാവനകൾ കേരളത്തിന് വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18 Sep 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നഷ്ടമായത് പത്രപ്രവർത്തനത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭനെ; കെ എം റോയിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
X

മുതിർന്ന മാധ്യമപ്രവർത്തന്‍ കെ എം റോയിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിറ്റാണ്ടുകൾ നീണ്ട ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രദ്ധേയനായ വാർത്താ ഏജൻസി റിപ്പോർട്ടർ, പംക്തികാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കെ എം റോയ് നൽകിയ സംഭാവനകൾ കേരളത്തിന് വിലപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാർഗ്ഗനിർദ്ദേശമാവുകയും ചെയ്തു. അപഗ്രഥനാത്മകമായ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ വലിയതോതിൽ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അര നൂറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു കെ എം റോയിയെന്ന് പ്രതിപക്ഷ നേതാവ വി ഡി സതീഷനും അനുശോചിച്ചു. അദ്ദേഹം തനിക്ക് കോളേജ് വിദ്യാഭ്യാസ കാലം മുതൽക്കേ വ്യക്തിബന്ധം ഉണ്ടായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. മലയാളത്തിൽ ഏറ്റവും കാലം നീണ്ടുനിന്ന പംക്തിയും കെ എം റോയിയുടേതാണ്. ഹൃദയത്തിൽ നിന്നുള്ള എഴുത്തുമായി ഇരുളും വെളിച്ചവുമെന്ന ആ പംക്തി മൂന്ന് പതിറ്റാണ്ടോളം നിരാലംബർക്ക് സാന്ത്വനമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായിരുന്ന കെ എം റോയി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്ന് എം കെ സാനു അടക്കമുള്ള അധ്യാപകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം പത്രപ്രവർത്തനത്തിൽ സജീവമാക്കുകയായിരുന്നു. രാഷ്ട്രീയ ബോധവും രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും കെ എം റോയിയുടെ പത്രപ്രവർത്തനത്തെ മികവുറ്റതാക്കിയത്. പക്ഷപാതിത്വമില്ലാത്ത നിർഭയമായ എഴുത്തിലൂടെയാണ് കെ എം റോയി മാധ്യമ ചരിത്രത്തിൽ ഇടം നേടിയതെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

Next Story