Top

'തിരുവനന്തപുരത്ത് നോക്കു കൂലി ആവശ്യപ്പെട്ടത് സിഐടിയു പ്രവർത്തകരല്ല'; വിശദീകരണവുമായി ജില്ലാ കമ്മറ്റി

6 Sep 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് നോക്കു കൂലി ആവശ്യപ്പെട്ടത് സിഐടിയു പ്രവർത്തകരല്ല; വിശദീകരണവുമായി ജില്ലാ കമ്മറ്റി
X

തിരുവനന്തപുരം: ഐഎസ്ആ‍ർഒയ്ക്കായി കൊണ്ടുവന്ന സാധനങ്ങൾ അൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദങ്ങളിൽ പങ്കില്ലെന്ന് സിപിഐടിയു. ചില മാധ്യമങ്ങൾ സിഐടിയുവിനു മേൽ പഴിചാരുന്നത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡന്റ് ആർ. രാമുവും സെക്രട്ടറി സി. ജയൻ ബാബുവും അറിയിച്ചു. തദ്ദേശീയരെന്നവകാശപ്പെടുന്ന സ്വതന്ത്ര യൂണിയൻകാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിച്ചതും. സിഐടിയു അംഗങ്ങളായ ഒരാൾ പോലും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. ഇത് അന്വേഷിക്കുന്ന ആർക്കും ബോദ്ധ്യമാവുന്നതാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറയുന്നു.

വിവരം അന്വേഷിക്കാനവിടെയെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതേയുള്ളൂ. ചുമടു തൊഴിൽ മേഖലയിൽ ആശാസ്യമല്ലാതെ നടക്കുന്ന പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിഐടിയുവിന് മേൽ കെട്ടിവെക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിഐടിയു വിനുള്ളതെന്നും ജില്ലാ കമ്മറ്റി പറഞ്ഞു.

തൊഴിൽദായകരോട് മാന്യമായി പെരുമാറണമെന്ന കാര്യത്തിലും സിഐടിയുവിന് കർശന നിലപാടാണ് ഉള്ളത്. വസ്തുത ഇതായിരിക്കേ ചുമടു മേഖലയിലെ തെറ്റായ പ്രവണതകൾ മറ്റാരു ചെയ്താലും അതിന്റെയെല്ലാം ഉത്തരവാദിത്വം സിഐടിയു മേൽ കെട്ടിവയ്ക്കുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജില്ലാ നേതാക്കൾ പറഞ്ഞു.

10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടാണ് ചിലർ ഐഎസ്ആർഒയിലേക്ക് വന്ന വാഹനം തടഞ്ഞത്. ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായാണ് കാർഗോ മുംബൈയിൽ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുള്ളത്. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. പ്രദേശവാസികൾ ഒത്തുകൂടിയതോടെ ലോക്ഡൗൺ ദിനമായ ഞായറാഴ്ച സ്ഥലത്ത് സംഘർഷാവസ്ഥയായി.

ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസുമായി പ്രദേശവാസികൾ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ കർശന മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. സംഭവം വിവാദമായതിന് പിന്നാലെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെട്ടു. അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി. കഴിഞ്ഞ മാസം 18 നാണ് കാർഗോ വാഹനം മുംബൈയിൽ നിന്ന് കപ്പൽ വഴി കൊല്ലത്തെത്തിയത്. അന്ന് മുതൽ റോഡിലൂടെ ദിവസേന എട്ട് മണിക്കൂർ സഞ്ചരിച്ചാണ് തലസ്ഥാനത്ത് എത്തിയത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ തുമ്പ പൊലീസ് കേസടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Next Story