Top

'സഖാവ് നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു മുന്നോട്ട് പോകാം'; പി കൃഷ്ണപിള്ള ദിനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി

19 Aug 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഖാവ് നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു മുന്നോട്ട് പോകാം; പി കൃഷ്ണപിള്ള ദിനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി
X

കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് പി കൃഷ്ണപിള്ളയുടെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ളയുടെ ചരമ ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദേശീയസ്വാതന്ത്ര്യ സമരത്തിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും പി കൃഷ്ണപിള്ള വഹിച്ച പങ്ക് എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അനുസ്മരണം.

പ്രതിസന്ധിയുടെ ഈ കാലത്ത് സഖാവിന്റെ രാഷ്ട്രീയ ജീവിതം കരുത്തായി മാറുകയാണ്. പി കൃഷ്ണപിള്ള നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു മുന്നോട്ട് പോകാം. കൃഷ്ണപിള്ളയുടെ സ്മരണകള്‍ എന്നും മുന്നോട്ടുള്ള യാത്രയില്‍ വഴികാട്ടട്ടെ എന്നും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പ് പൂര്‍ണരുപം -

ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം. കേരളത്തിലെ നവോത്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം.

1906ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്ണപിള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചതിനു ശേഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണത്തിന് നിര്‍ണായകമായ നേതൃത്വം നല്‍കി. 1937ല്‍ കോഴിക്കോട്ട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. പിന്നീട് 1939 ഒക്ടോബര്‍ 13ന് പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരേ നടന്ന പുന്നപ്രവയലാര്‍ സമരമുള്‍പ്പെടെയുള്ള ഐതിഹാസികമായ നിരവധി പോരാട്ടങ്ങളില്‍ നേതൃപരമായ പങ്ക് സഖാവ് വഹിക്കുകയുണ്ടായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സംഘടനാസംവിധാനവും രാഷ്ട്രീയ ദിശാബോധവും രൂപപ്പെടുത്താന്‍ കൃഷ്ണപിള്ള നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.

1948 ആഗസ്റ്റ് 19ന് ആലപ്പുഴയിലെ കണ്ണര്‍കാട്ട് ഗ്രാമത്തിലെ തന്റെ ഒളിവുജീവിതത്തിനിടെ മരണമടയുമ്പോള്‍ അദ്ദേഹത്തിന് നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. തന്റെ ചെറുപ്രായത്തിനിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവായി അദ്ദേഹം മാറി. സഖാവ് എന്ന വാക്ക് അന്വര്‍ഥമാക്കി സഖാക്കളുടെ സഖാവായി പി കൃഷ്ണപിള്ള ജനമനസ്സുകളില്‍ അവരോധിക്കപ്പെട്ടു.

ഇന്ന് പ്രതിസന്ധിയുടെ കാലത്ത് സഖാവിന്റെ രാഷ്ട്രീയ ജീവിതം നമുക്ക് കരുത്തായി മാറുകയാണ്. അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു നമുക്ക് മുന്നോട്ട് പോകാം. സഖാവ് കൃഷ്ണപിള്ളയുടെ സ്മരണകള്‍ എന്നും നമുക്ക് വഴികാട്ടട്ടെ. അഭിവാദ്യങ്ങള്‍.

Next Story