Top

'അണയാത്ത വിപ്ലവ വീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണ'; അഴിക്കോടന്‍ ദിനത്തില്‍ മുഖ്യമന്ത്രി

'രക്തസാക്ഷികള്‍ അമരന്മാരാണെന്ന സത്യത്തിന് സഖാവ് അഴീക്കോടന്റെ ചരിത്രം അടിവരയിടുന്നു.'

23 Sep 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അണയാത്ത വിപ്ലവ വീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണ; അഴിക്കോടന്‍ ദിനത്തില്‍ മുഖ്യമന്ത്രി
X

അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷി ദിനത്തിന്റെ സ്മരണ പുതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അണയാത്ത ആ വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് അഴീക്കോടനെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍ദ്ദിതരുടെ വിമോചനത്തിനായി സ്വയമര്‍പ്പിച്ച മഹദ് ജീവിതം രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയില്‍ നിശ്ചലമായ ദിവസം. കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാതൃക തീര്‍ത്ത അദ്ദേഹം ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ ആത്മവീര്യത്തോടെയാണ് പാര്‍ട്ടിയെ നയിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

'നിരവധി തവണ ജയില്‍ വാസവും കൊടിയ മര്‍ദ്ദനങ്ങളും സഖാവ് അഴീക്കോടനു നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം സഖാവിലെ കമ്മ്യൂണിസ്റ്റിന് കൂടുതല്‍ മൂര്‍ച്ചയും കരുത്തും നല്‍കുകയാണ് ചെയ്തത്. 1972 സെപ്തംബര്‍ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോള്‍ മുന്നണി കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ വിമോചനത്തിനായി സഖാവ് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥത പൂണ്ടതിനാലാണ് രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ കൊല ചെയ്തത്. പക്ഷേ, രക്തസാക്ഷികള്‍ അമരന്മാരാണെന്ന സത്യത്തിന് സഖാവ് അഴീക്കോടന്റെ ചരിത്രം അടിവരയിടുന്നു.'

അഴിക്കോടന്റെ ജീവിത സഖിയായിരുന്ന മീനാക്ഷി ടീച്ചറുടെ വിയോഗം സൃഷ്ടിച്ച ആഘാതം വലുതായിരുന്നെന്നും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു. അഴീക്കോടനെന്ന ധീരനായ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. എത്ര വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും തകരാതെ ഈ പാര്‍ട്ടിയെ സംരക്ഷിക്കുമെന്നും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ലോകസൃഷ്ടിക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അഴിക്കോടന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുത്തു. 1956ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1959 മുതല്‍ പാര്‍ട്ടി സംസ്ഥാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 1967ല്‍ അദ്ദേഹം ഐക്യ മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


Next Story