ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഐഎം പൊതുയോഗം; 'പേരില്ലാത്ത' അമ്പത് പേര്‍ക്കെതിരെ കേസ്
സംഘം ചേര്‍ന്ന് വീടാക്രമിച്ച് റോഡ് വെട്ടിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഞായറാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു വീടാക്രമണം
7 Sep 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ കൊവിഡ് വാരാന്ത്യലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സ്വീകരണ പരിപാടി നടത്തിയ സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തു. അമ്പത് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. എഫ്‌ഐആറില്‍ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല.
പുതുതായി സിപിഐഎം പാര്‍ട്ടിയിലേക്ക് ചേര്‍ന്ന നൂറ്റിരണ്ട് പേര്‍ക്കാണ് സ്വീകരണം നല്‍കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസാണ് പാര്‍ട്ടിയിലേക്ക് ചേര്‍ന്നവരെ ഹാരമണിയിച്ച് സ്വീകരിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപന്‍ ഉള്‍പ്പെടെ നേതാക്കള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
സംഘം ചേര്‍ന്ന് വീടാക്രമിച്ച് റോഡ് വെട്ടിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഞായറാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു വീടാക്രമണം.പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവും ഞായറാഴ്ചയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. തിരുവല്ല കുറ്റൂര്‍ തെങ്ങേലി രമണന്റെ വീടായിരുന്നു ഓഗസ്റ്റ് എട്ടിന് രാത്രി ആക്രമിക്കപ്പെട്ടത്.
രാത്രി പതിനൊന്നേമുക്കാലോടെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. ഗേറ്റ് പുറത്ത് നിന്ന് പൂട്ടി മതില്‍ പൊളിച്ച് റോഡ് നിര്‍മിക്കുകയായിരുന്നു. തടയാന്‍ ചെന്ന വീട്ടുടമയെ വെട്ടി പരിക്കേല്‍പ്പിച്ചെന്നും ആരോപണം ഉണ്ടായിരുന്നു. വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവുള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.