ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി
ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന കേസിലാണ് നടപടി
12 Aug 2021 8:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയയെന്ന കേസിലാണ് നടപടി. ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പ്പന നടത്തിയെന്നുമാണ് കേസ്.
കീഴ് കോടതി വിധിക്കെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കോടതികളുടെ ഉത്തരവുകള്‍ പ്രകാരം എട്ട് കേസുകളാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ആലഞ്ചേരിയുടെ ആവശ്യം.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മുന്ഫിനാന്സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കര്‍ദിനാള്‍ ഉള്‍പ്പെടെ ആറ് പേര് സമര്‍പ്പിച്ച ഹര്‍ജികളും ഹൈക്കോടതി തള്ളി.