അഴീക്കൽ ദുരന്തം; സജി ചെറിയാൻ ഉടൻ കൊല്ലത്തേക്ക്, മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് സഹായം പ്രഖ്യാപിക്കും
2 Sep 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കൊല്ലം അഴീക്കലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് നാല് തൊഴിലാളികൾ മരിച്ച സംഭവം മന്ത്രി സജി ചെറിയാൻ സംഭവ സ്ഥലം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് സഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ വലിയഴീക്കൽ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 12 പേരെ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചിട്ടുണ്ട്. സുനിൽ ദത്ത്, സുമദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടത്. തങ്കപ്പൻ, ശികുമാർ എന്നിവർ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കൽ സ്വദേശിയാണ് സുനിൽ ദത്ത്.
അരീക്കലിൽ നിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദുരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ട് കരയ്ക്കടുക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായ തിരമാലയുണ്ടായതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. തിരമാലയിൽപ്പെട്ട് വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു.
കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അപകടം നടന്നയുടൻ അഞ്ച് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിൽ 8 പേരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മറിഞ്ഞ സ്റ്റോർ വള്ളം ഫയർഫോഴ്സിൻറെ സഹായത്തോടെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.