ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടി
ഇവര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
19 Aug 2021 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക്ക് ഇസ്മയില്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആറ്റിങ്ങലില്‍ അല്‍ഫോന്‍സയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് നഗരസഭയുടെ നടപടി. സംഭവത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
റോഡരികില്‍ കച്ചവടം നടത്തുകയായിരുന്ന അല്‍ഫോന്‍സയുടെ മത്സ്യം കുട്ടയോടെയാണ് ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. അനുമതിയില്ലാത്ത സ്ഥലത്ത് മത്സ്യ വില്പന നടത്തിയ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അവനവഞ്ചേരി ജംഗ്ഷനില്‍ ആഗസ്റ്റ് 10 നായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച അല്‍ഫോന്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു. സംഭവം നഗരസഭ ചുമതലപ്പെടുത്തിയ കമ്മീഷനും പോലീസും വെവ്വേറെ അന്വേഷിക്കുന്നുണ്ട്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന നഗരസഭ ജീവനക്കാരുടെ പരാതിയില്‍ അല്‍ഫോണ്‍സ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അല്‍ഫോണ്‍സയ്ക്ക് നേരെയുണ്ടായ നഗരസഭാ ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച നഗരസഭ വിമര്‍ശനം ശക്തമായതോടെയാണ് നിലപാടു മാറ്റിയത്.