Top

'ഞങ്ങളുടെ കടമ ചെയ്തു, നിയമം പറയുന്നതാണ്'; വിസ്മയയുടെ കുടുംബത്തോട് ആന്റണി രാജു

7 Aug 2021 7:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളുടെ കടമ ചെയ്തു, നിയമം പറയുന്നതാണ്; വിസ്മയയുടെ കുടുംബത്തോട് ആന്റണി രാജു
X

വിസ്മയ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനു പിന്നാലെ വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കേസിലെ നിയമവശം പരിശോധിച്ച് ധാര്‍മ്മികപരമായ കടമ നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് മന്ത്രി കുടുംബത്തോട് പറഞ്ഞു.

കേസിലെ എല്ലാ വശങ്ങളും പരിശോധിച്ചാണ് കിരണിനെ പിരിച്ചു വിട്ടതെന്നും വിസ്മയം കേസ് കേരളത്തെ നടുക്കിയ സംഭവമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള വകുപ്പാണ് കേരള സിവില്‍ സര്‍വീസ് ചട്ടം. ആ ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ തരത്തിലുള്ള നടപടി എടുക്കാം. അതിലെ ശക്തമായ വകുപ്പാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യുകയെന്നത്. ഈ കേസ് കേരളത്തെയാകെ നടുക്കിയ സംഭവമാണ്. അതുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ഭരണഘടന 311 (2) അനുശാസിക്കുന്നത് അന്വേഷണത്തിലൂടെ മാത്രമേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാവൂ എന്നാണ്. അന്വേഷണം കൃത്യമായി നടന്നു. അതിന്റെ നടപടി ക്രമങ്ങളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കി. കേസില്‍ കിരണിന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിസ്മയ കേസില്‍ കിരണ്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എന്നിന്നേ താങ്കളുടെ വീട്ടില്‍ വരൂ എന്നും നേരത്തെ വിസ്മയയുടെ പിതാവിന് ആന്റണി രാജു ഉറപ്പ് നല്‍കിയിരുന്നു. വിസ്മമയുടെ പിതാവും സഹോദരനും മന്ത്രിയെ സന്ദര്‍ശിച്ച വേളയിലായിരുന്നു ഈ വാക്ക് കൊടുത്തത്. ഇന്നലെ കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനു പിന്നാലെയാണ് മന്ത്രി വീട്ടിലെത്തിയത്. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ഇനി സര്‍ക്കാര്‍ വകുപ്പില്‍ മറ്റൊരു ജോലിയും കിരണിന് ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും ലഭിക്കില്ല.

Next Story