Top

'അവന്റെ ഡിസ്മിസ് ഓര്‍ഡര്‍ വാങ്ങിച്ചേ ഞാനീ വീട്ടില്‍ കയറൂ'; ആന്റണി രാജു അന്ന് വിസ്മയയുടെ പിതാവിനോട് പറഞ്ഞത്; മന്ത്രി നാളെയെത്തും

കൊടുത്ത വാക്കും പാലിച്ച് മന്ത്രി നാളെ രാവിലെ വിസ്മയയുടെ കൊല്ലത്തെ വീട്ടിലെത്തും

6 Aug 2021 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന്റെ ഡിസ്മിസ് ഓര്‍ഡര്‍ വാങ്ങിച്ചേ ഞാനീ വീട്ടില്‍ കയറൂ; ആന്റണി രാജു അന്ന് വിസ്മയയുടെ പിതാവിനോട് പറഞ്ഞത്;  മന്ത്രി നാളെയെത്തും
X

വിസ്മയ കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടിയില്‍ നന്ദി അറിയിച്ച് വിസ്മയയുടെ കുടുംബം. വിസ്മയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നനെന്നും അതിലേക്കുള്ള ആദ്യ പടിയാണിതെന്നും കുടുംബം പ്രതികരിച്ചു. കേസില്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ക്ക് ഗഗാഗത മന്ത്രി ആന്റണി പി രാജുവും കൊടുത്ത ഒരു വാക്കു കൊടുത്തിരുന്നു. ആ വാക്കാണ് ഇന്ന് കിരണിന്റെ പിരിച്ചു വിടലിലൂടെ പാലിക്കപ്പെട്ടിരിക്കുന്നത്. കിരണ്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ പിരിച്ചു വിടല്‍ ഉത്തരവ് വാങ്ങിച്ചേ ഞാന്‍ താങ്കളുടെ വീട്ടിലേക്ക് വരൂ എന്നായിരുന്നു ആന്റണി പി രാജു അദ്ദേഹത്തിന് നല്‍കിയ ഉറപ്പ്.

കേസ് ഒരു മാസം പിന്നിടുമ്പോഴേക്കും കിരണിന്റെ ഡിസ്മിസല്‍ അടിച്ച് മന്ത്രി വാക്കും പാലിച്ചു. കൊടുത്ത വാക്കും പാലിച്ച് മന്ത്രി നാളെ രാവിലെ വിസ്മയയുടെ കൊല്ലത്തെ വീട്ടിലെത്തും. സര്‍ക്കാര്‍ നടപടിയില്‍ ഒരുപാട് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവിനും പ്രത്യേക നന്ദി അറിയിക്കുന്നെന്നും വിസ്മമയുടെ പിതാവ് പറഞ്ഞു.

'തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ കിരണിന് ശിക്ഷ മേടിച്ചേ താങ്കളുടെ വീട്ടില്‍ കയറൂയെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. അതേപോലെ സര്‍ അത് ചെയ്തിരിക്കുന്നു. സാറിന് അങ്ങേയറ്റം നന്ദി അറിയിക്കുന്നു,' വിസ്മയയുടെ പിതാവ് പറഞ്ഞു. മികച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും മുകള്‍ തട്ടു മുതല്‍ താഴെയുള്ളവര്‍ വരെ എല്ലാവരും ശനിയെന്നോ ഞായറെന്നോ ഇല്ലാതെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയെ കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ പിരിച്ചു വിടുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. നിലവില്‍ ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍. ഇനി സര്‍ക്കാര്‍ വകുപ്പില്‍ മറ്റൊരു ജോലിയും കിരണിന് ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും ലഭിക്കില്ല.

ജൂണ്‍ 21 നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.

Next Story