Top

കൈക്കൂലി ആരോപണം; ഡിവൈഎസ്പി എസ് വൈ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു

കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു എസ് വെെ സുരേഷ്

11 Aug 2021 11:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈക്കൂലി ആരോപണം; ഡിവൈഎസ്പി എസ് വൈ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു
X

തിരുവനന്തപുരം: റിസോര്‍ട്ട് റെയ്ഡിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍. മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വെെ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.

പരാതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കെ റിസോർട്ടുകളിൽ റെയ്ഡ് നടത്തി കേസ് എടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ സുരേഷിനെതിരായ ആരോപണങ്ങൾ തെളിഞ്ഞിരുന്നു.

അധികാര പരിധിയിലുള്ള റിസോർട്ടുകളിൽ കീഴുദ്യോഗസ്ഥരെ ഒഴിവാക്കി സ്വയം റെയ്ഡ് നടത്തുകയും ഇടനിലക്കാരെ ബന്ധപ്പെടുകയും ചെയ്തത് അധികാര ദുർവിനിയോഗമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എസ് വൈ സുരേഷിനെതിരെ വിശദമായ അന്വേഷണം നടത്തി ശുപാർശ സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു എസ് വെെ സുരേഷ്.

Next Story