ഷൈജലിനെതിരെയും നടപടി; വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
മുസ്ലീംലീഗില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്.
15 Sep 2021 3:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഷൈജലിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കി. എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
പികെ നവാസിന്റെ ലൈംഗീകാധിക്ഷേപത്തിനെതിരെ വനിത കമീഷനില്‍ പരാതി നല്‍കിയവരെ പിന്തുണച്ചതോടെയാണ് എംഎസ്എഫ് നേതാക്കളില്‍ പലരും നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. നവാസ് അടക്കമുള്ള നേതാക്കളുടെ അധിക്ഷേപത്തിന് ഇരകളായ ഹരിത നേതാക്കള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് പിപി ഷൈജല്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ശബ്ദം ഉയര്‍ത്തുന്നവരെ ലക്ഷ്യമിട്ട് നേതൃത്വം ആക്രമിക്കുകയാണെന്നും ഷൈജല്‍ പറഞ്ഞിരുന്നു. ഹരിത വിഷയത്തില്‍ ലീഗിനുള്ളിലും കടുത്ത ഭിന്നതയുണ്ടന്ന് ഷൈജല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹരിത വിഷയത്തിന് പിന്നാലെ മുസ്ലീംലീഗില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്. നിലവിലുള്ള എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാനാണ് ഒടുവില്‍ ലീഗില്‍ ധാരണയായിരിക്കുന്നത്.
ജില്ലാതലത്തില്‍ എംഎസ്എഫിനൊപ്പം മാത്രമേ ഇനി ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. കമ്മിറ്റിയില്‍ സഹ ഭാരവാഹിത്വമെങ്കിലും ഉണ്ടാകും. ഈ മാസം 26ന് ചേരുന്ന ലീഗ് യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. ക്യാമ്പസില്‍ മുസ്ലിം വനിതകളുടെ ധാര്‍മിക കാര്യങ്ങള്‍ പരിപോഷിപ്പിക്കലാണ് ഹരിതയുടെ പുതിയ നിയോഗം. ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പം നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ജില്ലാകമ്മിറ്റി ഇല്ലാതെ സംസ്ഥാനകമ്മിറ്റി മാത്രം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.
ഹരിതയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യക്കാര് ആണെന്നും എംഎസ്എഫിലെ വിഭാഗീയതയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും പിഎംഎ സലാം വ്യക്തമാക്കി
മുസ്ലിം ലീഗ് സ്ത്രീവിരുദ്ധ പാര്‍ട്ടി അല്ല. ലക്ഷ കണക്കിന് വനിതാ അംഗങ്ങള്‍ ഉള്ള പാര്‍ട്ടി എങ്ങനെ സ്ത്രീവിരുദ്ധ പാര്‍ട്ടി ആകും. മൂന്നുപേര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്താല്‍ പാര്‍ട്ടി സ്ത്രീവിരുദ്ധം ആകുമോ എന്നും സലാം ചോദിച്ചു. പികെ നവാസ് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയിട്ടില്ല. പരാതി പിന്‍വലിക്കാമെന്ന് പറഞ്ഞു പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ഹരിത ചെയ്തതെന്നും അതുകൊണ്ടാണ് കര്‍ശന നടപടി എടുത്തതെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ എംഎസ്എഫിലേയും ഹരിതയിലേയും പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ ഹരിത മുന്‍ നേതാക്കള്‍ ഫാത്തിമ തെഹ്ലിയക്കൊപ്പം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് ഹരിത മുന്‍ നേതാക്കള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. കമ്മറ്റി പിരിച്ച് വിട്ടതോടെയാണ് നിലപാട് വ്യക്തമാക്കാന്‍ ഇവര്‍ മാധ്യമങ്ങളെ കാണുന്നത്. പാര്‍ട്ടി വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് ഫാത്തിമയും വ്യക്തമാക്കിയിട്ടുണ്ട്.
- TAGS:
- MSF
- MSF HARITHA
- Muslim League