Top

ഓണക്കാലത്ത് തൊഴിലാളികൾക്ക് സഹായധനമായി 71 കോടി രൂപ; ആശ്വാസ നീക്കവുമായി മന്ത്രി വി.ശിവൻകുട്ടി

ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ബോണസ്, പെൻഷൻ, കോവിഡ് ധനസഹായം എന്നിവയ്ക്കായും ഇൻകം സപ്പോർട്ട് സ്‌കീമിനുമായാണ് തുക അനുവദിച്ചത്.

17 Aug 2021 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കാലത്ത് തൊഴിലാളികൾക്ക് സഹായധനമായി 71 കോടി രൂപ; ആശ്വാസ നീക്കവുമായി മന്ത്രി വി.ശിവൻകുട്ടി
X

സംസ്ഥാനത്ത് ഓണക്കാലത്ത് 2,34,804 തൊഴിലാളികൾക്ക് 71 കോടിയിലേറെ രൂപ (71,78,66,900) അനുവദിച്ചുവെന്ന് തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ബോണസ്, പെൻഷൻ, കോവിഡ് ധനസഹായം എന്നിവയ്ക്കായും ഇൻകം സപ്പോർട്ട് സ്‌കീമിനുമായാണ് തുക അനുവദിച്ചത്. കയർ വികസന ഡയറക്ടറേറ്റ്, ഫിഷറീസ് ഡയറക്ടറേറ്റ്, കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റ്, ഈറ്റ,കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരം ആദ്യഗഡുവായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മോട്ടോർ മേഖലയിലെ ജീവനക്കാർക്കും തൊഴിൽവകുപ്പ് ധനസഹായം പ്രഖ്യാപിച്ചു.മൊത്തം 20 കോടി രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്യുക. കേരളാ മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡ് , കേരളാ ഓട്ടോമൊബൈൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നീ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്കാണ് നാലാംഘട്ട കോവിഡ് ധന സഹായം വിതരണം ചെയ്യുന്നത്. ബോർഡുകളുടെ തനതു ഫണ്ടിൽ നിന്നും 1000 രൂപ വീതമാണ് തൊഴിലാളികൾക്ക് നൽകുന്നത്. പുതുതായി അംഗത്വമെടുത്ത സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് സൗജന്യ കോവിഡ് ധനസഹായമായി 1000 രൂപ വീതവും അനുവദിച്ചു.

ഒരു വർഷത്തിധികമായി പൂട്ടിക്കിടക്കുന്ന 310 കശുവണ്ടി ഫാക്ടറികളിലെ 21,852 തൊഴിലാളികൾക്കായി 2000 രൂപ വീതമാണ് എക്സ്ഗ്രേഷ്യ നൽകുന്നതിനായി അനുവദിച്ചത്. ഇതോടൊപ്പം അരി നൽകുന്നതിനുള്ള വിലയായ 250 രൂപയും ചേർത്ത് ആകെ 4,91,67,000 രൂപയ്ക്കാണ് അനുമതിയായത്. ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും മുൻ സാമ്പത്തിക വർഷം 100 ക്വിന്റലിൽ താഴെ കയർ പിരിച്ച സംഘങ്ങളിലെ തൊഴിലാളികൾക്കുമായി 2,22,36,000 രൂപയും അനുവദിച്ചിട്ടുണ്ട്. 2000 രൂപ നിരക്കിൽ അനുവദിച്ചിട്ടുള്ള ധനസഹായം 11,128 തൊഴിലാളികൾക്ക് ലഭ്യമാകും.

ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകുന്നതിനായി 16,71,420 രൂപ അനുവദിച്ചിട്ടുണ്ട്. ഇതു പ്രകാരം 1878 കുടുംബങ്ങൾക്ക് 890 രൂപ നിരക്കിൽ ആനുകൂല്യം ലഭ്യമാകും. 20 കിലോ അരി, രണ്ടു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയതാണ് സ്പെഷ്യൽ ഓണക്കിറ്റ്. ഇത്തരത്തിലാകെ 7,30,94,420 രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്. 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മരം കയറ്റ തൊഴിലാളി അവശതാ പെൻഷനായി 1824 പേർക്ക് 1,47,63,900 രൂപയും സർക്കാർ അനുവദിച്ചു.

പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ (ആർപിഎൽ) തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിനായി സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഇവിടത്തെ തൊഴിലാളികൾക്ക് മുൻ വർഷം നൽകിയ ബോണസ് തന്നെ ഇക്കുറിയും നൽകും. ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസായും ആകെ വരുമാനത്തിന്റെ ഒരു ശതമാനം പ്രൊഡക്ഷൻ ഇൻസന്റീവായും ഓണം ഗിഫ്റ്റായി 7920 രൂപയും ബോണസിന് അർഹതയില്ലാത്തവർക്ക് 14,650 രൂപയുമാണ് (തൊഴിലാളികൾക്കും സ്റ്റാഫിനുമായി)നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തൊഴിൽവകുപ്പു സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷതയിൽ തൊഴിൽ വകുപ്പു മന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Next Story

Popular Stories