പി ആര് ശ്രീജേഷിന് രണ്ടുകോടി; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍
പി ആര് ശ്രീജേഷിന് രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍.
11 Aug 2021 2:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ക്യാഷ് പ്രെെസിനൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായാണ് സ്ഥാനകയറ്റം.
ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്ക് അഞ്ച് ലക്ഷം വീതവും പ്രഖ്യാപിച്ചു. നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേയാണ് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കുന്നത്.
മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവഗണനയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളടക്കം വിമര്‍ശനമുയര്‍ത്തിയിരുന്നു. ടോക്യോയില്‍ സംസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിയ താരത്തിന് പാരിതോഷികം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വാദം. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്ന സര്‍ക്കാര്‍ അപ്രതീക്ഷിതമായാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.
അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാലാണ് പ്രഖ്യാപനം വെെകുന്നതെന്ന് മുന്‍പ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന് വ്യക്തമാക്കിയിരുന്നു. മന്ത്രസഭാ ചര്‍ച്ച ചെയ്ത ശേഷം ഒറ്റക്കെട്ടായ തീരുമാനത്തിലൂടെയായിരിക്കും പ്രഖ്യാപനമെന്നും ജയരാജന് അറിയിച്ചിരുന്നു.