Top

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വർഷം കഠിന തടവും പിഴയും; ബലാത്സംഗ ശ്രമം തെളിയിക്കാനായില്ല, ക്രൂര കൊലപാതകത്തില്‍ വിധി

മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതിയില്‍ തെളിയിക്കാന്‍ ആയില്ല.

12 Aug 2021 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വർഷം കഠിന തടവും പിഴയും; ബലാത്സംഗ ശ്രമം തെളിയിക്കാനായില്ല, ക്രൂര കൊലപാതകത്തില്‍ വിധി
X

മലപ്പുറം: നിലമ്പൂരില്‍ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു.

പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് ശശിധരന്റെ ഭാര്യ രാജാമണി(47) കൊല്ലപ്പെട്ട കേസില്‍ ഇവരുടെ മകന്‍ പ്രജിത്കുമാര്‍(26) നെയാണ് ജഡ്ജി ടി എസ് സുരേഷ്ബാബു ശിക്ഷിച്ചത്.

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതിയില്‍ തെളിയിക്കാന്‍ ആയില്ല. 304 വകുപ്പനുസരിച്ചുള്ള കൊലപാതകകുറ്റം ആണ് കോടതിയില്‍ തെളിഞ്ഞത്.

ഭര്‍ത്താവ് ശശിധരന്‍ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ശാരീരികമായി ഉപദ്രവിക്കുമായിരുന്നെന്നും ഒരു വര്‍ഷത്തോളം തുടര്‍ന്ന ലൈംഗിക പീഡനം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍ ലൈംഗിക പീഡനം പ്രോസിക്യൂഷന് തെളിയിക്കാനായില്ല.ഭിന്ന ശേഷിക്കാരനായ സഹോദരനും, പ്രതിയുടെ അച്ചനും അടക്കം 31 സാക്ഷികളാണ് ഉണ്ടായിരുന്നത്. 28 രേഖകളും, 6 തൊണ്ടിമുതലും ഹാജരാക്കി. ഭര്‍ത്താവ് നിലനില്‍ക്കെ മകന്‍ ലൈംഗികാധിക്രമം ചെയ്തുവെന്ന വാദത്തിന് തെളിവ് നല്‍കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥർക്കും സാധിച്ചില്ല. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വാസുവാണ് ഹാജരായത്.


Next Story