'മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഭരണകൂടം പരിഹരിക്കണം'; മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന് നല്‍കണമെന്ന് പിഎംഎ സലാം
20 Sep 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയം അവസാനിപ്പിക്കാതിരിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വിഷയം സിപിഐഎം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും സലാം കുറ്റപ്പെടുത്തി. സിപിഐഎം സെക്രട്ടറിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും അപമാനകരവുമാണ്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഭരിക്കുന്ന ഭരണകൂടം പരിഹരിക്കണമെന്നും പിഎംഎ സലാം ആവശപ്പെട്ടു.
'പാല ബിഷപ്പിന്റെ പ്രസ്താവനയില്‍ മുസ്ലീം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ശ്രമിക്കുന്നത്. ഹസന്, അമീര്‍, കുഞ്ഞാലിക്കുട്ടിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് എ വിജയരാഘവനാണ്. മന്ത്രിമാര്‍ക്കു പകരം പഠന ക്ലാസിലിരുത്തേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെയാണ്. അതിനെ അഭിനന്ദിക്കുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്.'
മന്ത്രിമാര്‍ക്ക് അല്ല പാര്‍ട്ടി സെക്രട്ടറിക്കാണ് ക്ലാസ് വേണ്ടതെന്നും പിഎംഎ സലാം പരിഹസിച്ചു. വിജയരാഘവന് എപ്പോഴും സ്വീകരിക്കുന്ന് വര്‍ഗീയവും സ്ത്രീ വിരുദ്ധവുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണെന്നും സലാം ആരോപിച്ചു. താലിബാനിസം ഉണ്ട് എന്ന് പറയുമ്പോള്‍ അതിന് തെളിവ് കെ സുരേന്ദ്രന് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന് നല്‍കണം. ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎം വര്‍ഗീയത പറയുന്നത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ പാര്‍ട്ടി പഠിപ്പിക്കണം. ഇതു തന്നെയാണ് കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു.