Top

ഇനി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; ഇളവ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്, നിബന്ധനകളിങ്ങനെ

വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല.

25 Sep 2021 1:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; ഇളവ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക്, നിബന്ധനകളിങ്ങനെ
X

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി. രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ. എസി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി അനുവദിക്കാവുന്നതാണ്. വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം.

സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുളളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.

സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സർക്കാർ ഉത്തരവ്:


Popular Stories

    Next Story