Top

കാശ്മീ‌‌ർ തീവ്രവാദ റിക്രൂട്ട്മെ​ന്റ് കേസ്: തടിയ​ന്റവിടെ നസീർ ഉൾപ്പെടെ 10 പ്രതികളുടേയും ശിക്ഷ ഹൈക്കോടതി ശരി വെച്ചു

കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

9 May 2022 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാശ്മീ‌‌ർ തീവ്രവാദ റിക്രൂട്ട്മെ​ന്റ് കേസ്: തടിയ​ന്റവിടെ നസീർ ഉൾപ്പെടെ 10 പ്രതികളുടേയും ശിക്ഷ ഹൈക്കോടതി ശരി വെച്ചു
X

കൊച്ചി: കാശ്മീരിലെ തീവ്രവാദ കേസിലെ മുഖ്യപ്രതി തടിയ​ന്റവിടെ നസീറി​ന്റേത് ഉൾപ്പെടെ 10 പ്രതികളുടേയും ശിക്ഷ ഹൈക്കോടതി ശരി വെച്ചു. ജസ്റ്റിസ് കെ വിനോ​​ദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ‍‍ഡിവിഷൻ ബെഞ്ചി​ന്റേതാണ് ഉത്തരവ്. കേസിലെ രണ്ട്, പതിനാല്, ഇരുപത്തിരണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു.

ജമ്മു കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് മലയാളികൾ റിക്രൂട്ട് ചെയ്യപ്പെട്ടെന്ന കേസ് 2008 ലാണ് രജിസ്റ്റർ ചെയ്തത്. കാശ്മീരിൽ സുരക്ഷാസേന ഭീകരരെന്ന് സംശയിക്കുന്നവരെ വെടി വെച്ച് വീഴ്ത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിൽ നാല് പേര് മലയാളികളാണ്.

കേസിൽ 13 പേർ കുറ്റക്കാരാണെന്നും അഞ്ച് പേരെ കുറ്റവിമുക്തരാക്കണമെന്നും എറണാകുളം എൻ ഐ എ പ്രത്യേക കോടതി മുൻപ് വിധിച്ചിരുന്നു. തുടർന്ന് ശിക്ഷയെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേ സമയം അഞ്ച് പേരെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് എൻ ഐ എ യും ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് എൻ ഐ എ കേരളത്തിൽനിന്ന് ജമ്മു കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ചെറുപ്പക്കാരെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകനെന്ന് സംശയിക്കുന്ന തടിയന്റെവിടെ നസീർ, ഷഫാസ് എന്നിവർ ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ രണ്ടുപേരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

അപ്പീൽ ഘട്ടത്തിൽ പ്രതികളും കശ്മീരിലെ ചില വ്യക്തികളും ആശയവിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ട് ബി എസ് എൻ എൽ ഉദ്യോഗസ്ഥനെ സാക്ഷി വിസ്താരം നടത്താൻ ഹൈക്കോടതി അനുമതി നല്കിയിരുന്നു. ക്രിമിനൽ അപ്പീലുകളിലെ സാക്ഷി വിസ്താരം പൊതുവെ ട്രയൽ കോടതികളിൽ പൂർത്തിയാകും, ഹൈക്കോടതികൾ വിചാരണ കോടതി ശേഖരിക്കുന്ന തെളിവുകൾ മാത്രമേ വിലയിരുത്തൂ. അതിൽ നിന്ന് വ്യത്യസ്തമായ ഈ അസാധാരണമായ നടപടി അന്ന് മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.

ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ഹാജരാക്കിയ കോൾ റെക്കോർഡിൽ ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 65 ബി പ്രകാരം നിർബന്ധിത സാക്ഷ്യപ്പെടുത്തൽ നൽകിയിട്ടില്ലെന്ന് ശിക്ഷിക്കപ്പെട്ട അപ്പീലുകാരുടെ അഭിഭാഷകൻ വാദിച്ചതാണ് ഈ നീക്കത്തിന് കാരണമായത്. അതിനാൽ പ്രസ്തുത ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എ യ്ക്ക് വേണ്ടി ഹാജരായ എഎസ്ജിഐ എസ് മനു പ്രത്യേക ഹർജി സമർപ്പിച്ചു. കേസിന്റെ വസ്‌തുതകൾ വിലയിരുത്തിയ ബെഞ്ച്, പ്രസ്തുത ഹർജി അനുവദിക്കുന്നത് ഉചിതമാണെന്ന് വിലയിരുത്തുകയും അതുവഴി ബിഎസ്എൻഎൽ ഉദ്യോഗസ്ഥനോട് ഏപ്രിൽ എട്ടിന് ഹാജരാകാൻ പറയുകയും ആയിരുന്നു.

തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതികളോട് നേരിട്ട് ഹാജരാകാനും കസ്റ്റഡിയിലുള്ളവർ ഇപ്പോൾ തടവിൽ കഴിയുന്ന ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കോടതി ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും ബിഎസ്എൻഎൽ നൽകിയ കോൾ റെക്കോർഡ് സർട്ടിഫിക്കറ്റ് അധിക തെളിവായി സ്വീകരിക്കുകയും ചെയ്തു.

Story Highlights : Kashmir terror recruitment case: HC upholds sentence of 10 accused, including Nazir

Next Story