Top

'കാര്‍ട്ടൂണുകളെ ഉള്‍ക്കൊള്ളാനുള്ള ഇടത് മനസ് ജലീലിന് ആയിട്ടില്ല'; ശ്രേയാംസ്‌കുമാറിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് സലീം മടവൂര്‍

8 July 2022 9:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാര്‍ട്ടൂണുകളെ ഉള്‍ക്കൊള്ളാനുള്ള ഇടത് മനസ് ജലീലിന് ആയിട്ടില്ല; ശ്രേയാംസ്‌കുമാറിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് സലീം മടവൂര്‍
X

കോഴിക്കോട്: മാതൃഭൂമി കാര്‍ട്ടൂണ്‍ വിവാദത്തില്‍ കെ.ടി ജലീലിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍. കെ ടി ജലീലില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകള്‍ക്കില്ല സിമിയില്‍ നിന്നും അധികാരത്തിന് തര്‍ക്കിച്ചാണ് ജലീല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നത്‌. യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് തര്‍ക്കിച്ചാണ് ലീഗില്‍ നിന്ന് പുറത്ത് വന്നതെന്നുമാണ് സലീം മടവൂരിന്റെ ആരോപണം. ഇതുവരെ ഇടതുപക്ഷ മനസ്സ് വരാത്ത ജലീല്‍ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് ശ്രേയാംസ് കുമാറിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.സജി ചെറിയാന്‍ പറഞ്ഞതും കാര്‍ട്ടൂണിസ്റ്റ് വരച്ചതുമായ കുന്തം ശൂലമാണെന്ന് പറഞ്ഞ് കെ.ടി ജലീല്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും സലിം മടവൂര്‍ ആരോപിച്ചു

സജി ചെറിയാന്‍ രാജി വെച്ച വാര്‍ത്ത കാര്‍ട്ടൂണിലൂടെ ചിത്രീകരിച്ച മാതൃഭൂമിയേയും ശ്രേയാംസ് കുമാറിനെയും കഴിഞ്ഞ ദിവസം ജലീല്‍ രൂക്ഷമായി വിമര്‍ച്ചിരുന്നു. മിസ്റ്റര്‍ ശ്രേയാംസ് കുമാര്‍ താങ്കള്‍ക്കൊരു വോട്ട് ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നത് എന്താണ്? എന്നായിരുന്നു ജലീലിന്റെ പോസ്റ്റ്. മാതൃഭൂമിക്കും ശ്രേയാംസ് കുമാറിനുമെതിരെ സൈബര്‍ സിപിഎമ്മും രംഗത്ത് വന്നിരുന്നു.


സലീം മടവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കെ.ടി ജലീലില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകള്‍ക്കില്ലെന്ന് ആദ്യമേ പറയട്ടെ.സിമിയില്‍ നിന്നും അധികാരത്തിന് തര്‍ക്കിച്ചാണ് കെ.ടി ജലീല്‍ പുറത്ത് വന്ന് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മുസ്ലിം ലീഗില്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സ്ഥാനത്തിന് തര്‍ക്കിച്ച് കിട്ടാതെ വന്നപ്പോഴാണ് അദ്ദേഹം ലീഗ് വിട്ടത്. ലീഗ് വിടാന്‍ കരിമണല്‍ ഖനനത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് പുറത്താക്കാന്‍ കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ആശയപരമായ അഭിപ്രായ വ്യത്യാസത്തിനു പകരം തന്റെ സ്ഥാനമാനങ്ങളുടെ പേരില്‍ സിമിയിലും ലീഗിലും കലഹിച്ച് ഇടതുപക്ഷത്തെത്തിയ കെ.ടി.ജലീലില്‍ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകള്‍ക്കോ ശ്രേയാംസ് കുമാറിനോ ഇല്ല.

കെ ടി ജലീലിന് സിമിയിലോ മുസ്ലിം ലീഗിലോ ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴും അവരുടെ വേദികളില്‍ കയറി ഇടതുപക്ഷത്തെ വിമര്‍ശിക്കുമായിരുന്നു. കാര്‍ട്ടൂണുകളെ ഉള്‍ക്കൊള്ളാനുള്ള യഥാര്‍ഥ ഇടതുപക്ഷ മനസ്സ് ജലീലിന് ഇനിയും കൈവന്നിട്ടില്ല. അത് ആശയപരമായി മാറാത്തതിന്റെ പ്രശ്‌നമാണ്. സജി ചെറിയാന്‍ പറഞ്ഞ കുന്തമാണ് കാര്‍ട്ടൂണിസ്റ്റ് മാതൃഭൂമി പത്രത്തില്‍ വരച്ചതെന്ന് തിരിച്ചറിയാനോ കാര്‍ട്ടൂണിസ്റ്റിന്റെ ഭാവന ഉള്‍ക്കൊള്ളാനോ അദ്ദേഹത്തിന് കഴിയാത്തത് ഖേദകരമാണ്.

സജി ചെറിയാന്‍ പറഞ്ഞതും കാര്‍ട്ടൂണിസ്റ്റ് വരച്ചതുമായ കുന്തം ശൂലമാണെന്ന് പറഞ്ഞ് കെ.ടി ജലീല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഇത് വര്‍ഗീയ ചേരിതിരിവ് കൂടെ ലക്ഷ്യം വെച്ചാണ്. അത് കേരളത്തില്‍ വിലപ്പോവില്ല. കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനയെ വികൃതമായി ഉള്‍ക്കൊള്ളുന്നതും കുന്തത്തെ ശൂലമായി തെറ്റിദ്ധരിപ്പിക്കുന്നതും ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിച്ചത് മാതൃഭൂമി സ്ഥാനാര്‍ഥിയായാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും പഠിച്ച നഴ്‌സറിയുടെ കുഴപ്പമാണ്


Story highlights: 'Jaleel does not have the left brain to absorb cartoons'; Salim Madavoor says Shreyamskumar should not be taught politics

Next Story