'തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചൊരു പെണ്ണ്'; പാക് വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നൊരു വൈറല്‍ ചിത്രം
വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റേതാണ് ചിത്രം.
8 Sep 2021 10:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിലെ പാക് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ താലിബാന് സൈനികന്റെ തോക്കിന് മുന്നില്‍ നിര്‍ഭയയായി നില്ക്കുന്ന സ്ത്രീയുടെ ചിത്രം വൈറലാകുന്നു. കാബൂളിലെ പാക് എംബസിക്ക് മുന്നില്‍ കഴിഞ്ഞ ചൊവ്വാഴ്ച അരങ്ങേറിയ സമരത്തിനിടെ പ്രതിഷേധക്കാരിലൊരാളായ സ്ത്രീയുടെ നേരെ തോക്ക് ഉയര്ത്തിനില്ക്കുന്ന താലിബാന് സൈനികനും അതിനെ നെഞ്ചുവിരിച്ച് നേരിടുന്ന സ്ത്രീയുമാണ് ചിത്രത്തിലുള്ളത്. വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റേതാണ് ചിത്രം.
ഓഗസ്റ്റ് 15 ന് താലിബാന് കാബൂള്‍ പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനി സ്ത്രീകളുടെ വലിയ പങ്കാളിത്തത്തോടെ അരങ്ങേറിയ ജനകീയ പ്രതിഷേധങ്ങളിലൊന്നായിരുന്നു കാബൂളിലെ പാക് വിരുദ്ധ പ്രക്ഷോഭം. തിങ്കളാഴ്ച ജനാധിപത്യ അഫ്ഗാനിസ്ഥാന്റെ അവസാന ചെറുത്തുനില്‍പ്പായ പഞ്ച്ശീറും താലിബാന് കീഴടക്കിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു പാക് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പഞ്ച്ശീർ ആക്രമണത്തില്‍ താലിബാന് പാകിസ്ഥാന് പിന്തുണ ലഭിച്ചെന്ന ആരോപണത്തിന്മേലായിരുന്നു പ്രതിഷേധം.
അഫ്ഗാന് വിഷയത്തിലുള്ള പാകിസ്ഥാന് ഇടപെടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക്ക് എംബസിക്ക് മുന്നില്‍ എഴുപതോളം പേരടങ്ങുന്ന പ്രതിഷേധക്കാർ പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന് സെെനികർ ആകാശത്തേക്ക് വെടിവെക്കുന്നതിന്റെയും തുടർന്ന് ചിതറിയോടുന്ന പ്രതിഷേധക്കാരുടെയും വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
പിന്നാലെ ചൊവ്വാഴ്ച തന്നെ അഫ്ഗാനില്‍ അധികാരത്തിലേറാനിരിക്കുന്ന ഇടക്കാല സർക്കാരിനെ താലിബാന് പ്രഖ്യാപിച്ചിരുന്നു. താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദാണ് സർക്കാരിനെ നയിക്കുന്നത്. താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദർ ഉപപ്രധാനമന്ത്രിയാകുമെന്നും താലിബാന് മുഖ്യവക്താവ് സബീഹുല്ല മുജാഹിദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
താലിബാൻ സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല ഒമറിന്റെ മകനുമായ മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനം സിറാജുദ്ദീൻ ഹഖാനിക്ക് നൽകി. ഇതോടെ ഹഖാനി വിഭാഗം നേതാവായ സിറാജുദ്ദീന് താലിബാൻ ഉപനേതാവായി സ്ഥാനകയറ്റവും നല്കിയിരിക്കുയാണ്. ദോഹയിലെ താലിബാൻ ദൂതനും ആദ്യ താലിബാന് ഭരണകാലത്ത് മന്ത്രിസഭയില്‍ അംഗവുമായ അമീർ ഖാൻ മുത്തഖിയെ വിദേശകാര്യ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.