'അവര്‍ ഞങ്ങളെ വില്പന നടത്തി', താലിബാന് മുന്നേറ്റത്തില്‍ പ്രതിസന്ധിയിലായി അഫ്ഗാനിലെ ജനജീവിതം
14 Aug 2021 1:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം തുടരുന്ന താലിബാന് രാജ്യത്തെ പ്രധാന നഗരമായ കണ്ഡഹാറും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയിലെ ജന ജീവിതം ദുസ്സഹമാവുന്നു. താലിബാന് ശക്തി കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരമായ കാബൂളിലേക്ക് ജനങ്ങള്‍ പലായനം ചെയ്യുകയാണ്. എന്നാല്‍ ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ കാബൂളും താലിബാന് പിടിച്ചടക്കുന്ന നിലയുണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കണ്ഡഹാറും ഹെറാത്തും പോലുള്ള നഗരങ്ങള്‍ വളരെ എളുപ്പത്തില്‍ താലിബാന് പിടിച്ചടക്കിയെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത നിലയിലാണ് തദ്ദേശവാസികള്‍. സുപ്രധാന നഗരങ്ങളില്‍ പോലും താലിബാന് സര്‍ക്കാര്‍ സേനയുടെ ചെറുത്ത് നില്‍പ്പ് നേരിടേണ്ടി വന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അഫ്ഗാന് സര്‍ക്കാര്‍ സ്വന്തം ജനതയെ താലിബാന് വില്പന നടത്തിയ അവസ്ഥയാണ് ഉണ്ടായത് എന്നും കണ്ഡഹാര്‍ നിവാസിയായ വനിത പ്രതികരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
'കാണ്ഡഹാര്‍ വളരെ എളുപ്പത്തില്‍ താലിബാന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,''ഇപ്പോള്‍ പിടിച്ചെടുത്തെന്ന് പറയുന്ന സ്ഥലങ്ങളെല്ലാം അവര്‍ക്ക് കൈമാറുക ആയിരുന്നു എന്നതാണ് വസ്തുത. അടുത്തത് കാബൂളും മസാര്‍ ഇഷെരീഫും ആയിരിക്കും.' സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന രണ്ട് വലിയ നഗരങ്ങളെ പരാമര്‍ശിച്ച് ജനങ്ങള്‍ പറയുന്നു. ആഗസ്റ്റ് 6 മുതല്‍ വലിയ വേഗം കൈവരിച്ച അഫ്ഗാനിസ്ഥാനിലെ താലിബാന് മുന്നേറ്റത്തിന് പിന്നാലെ നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 18 എണ്ണവും പിടിച്ചെടുത്ത് കഴിഞ്ഞു.
അതിനിടെ, താലിബാന് രാഷ്ട്രീയ ഒത്ത് തീര്‍പ്പിന് തയ്യാറാവണമെന്ന് രാജ്യാന്തര സമിതി ആവശ്യപ്പെട്ടു. അധികാരം അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടത്തെ അംഗീകരിക്കില്ല. ഖത്തറില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നത്. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലും യോഗത്തില്‍ പങ്കെടുത്തു.